taring

കുറ്റിച്ചൽ: കുറ്റിച്ചൽ-കോട്ടൂർ റോഡിന്റെ കുഴിയടയ്ക്കലുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി അധികൃതർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതായി ആക്ഷേപം. റോഡിന്റെ പലഭാഗങ്ങളിലും ഗട്ടറുകൾ രൂപപ്പെട്ടതിനെ തുടർന്ന് പരാതി ശക്തമായതോടെയാണ് ഈ കുഴിയടയ്ക്കൽ പ്രഹസനം. എന്തായാലും ഇതിനായി അധികൃതർ കണ്ടെത്തിയിരിക്കുന്ന പുതിയ മാർഗം കണ്ട് ‌ഞെട്ടിയിരിക്കുകയാണ് പൊതുജനം.

സാധാരണഗതിയിൽ ഗട്ടറുകൾ അടയ്ക്കുന്നതിന് മുമ്പ് റോഡ് വൃത്തിയാക്കുകയും പിന്നീട് ടാർ മിക്‌സ്ചർ നിരത്തിയ ശേഷം റോഡ് റോളർ ഉപയോഗിച്ച് ഇത് ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ കുറ്റിച്ചൽ-കോട്ടൂർ റോഡിന്റെ കാര്യത്തിൽ ഈ പരമ്പരാഗത രീതികളെല്ലാം അധികൃതർ മാറ്റിമറിച്ചു. പെട്ടിഓട്ടോകളിൽ ചാക്കുകളിൽ നിറച്ചാണ് ഇവിടെ ടാർ മിക്‌സ്ചർ എത്തിക്കുന്നത്.

ഇത് കുഴിയുള്ള ഭാഗങ്ങളിൽ ഇറക്കിയിട്ട ശേഷം മൺവെട്ടികൊണ്ട് വെട്ടിനിരത്തുന്ന 'നൂതന' സാങ്കേതികവിദ്യയാണ് ഇപ്പോൾ പയറ്റുന്നത്. ഇതിന് മുകളിൽ പേപ്പറുകളും നിരത്തുന്നതോടെ ജോലികൾ അവസാനിച്ചു. പണിക്കാർ പോകുന്നതിന് പിന്നാലെയെത്തുന്ന ഏതെങ്കിലും വാഹനത്തിന്റെ ടയറിനൊപ്പം ടാറിംഗും പോകുന്നുവെന്നുള്ള സത്യം അധികൃതർ മാത്രം അറിയുന്നില്ല.

കാട്ടാക്കട-അരുവിക്കര മണ്ഡലങ്ങളിലെ പലഭാഗത്തും ഇത്തരത്തിലുള്ള റോഡ് 'പണി ' നടക്കുന്നതായാണ് ജനങ്ങൾ പറയുന്നത്. നേരത്തെ

ആധുനിക രീതിയിൽ നിർമ്മിച്ച റോഡിലെ ഇത്തരം കുഴിയടയ്ക്കലിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പി.ഡബ്യു.ഡിക്ക് നഷ്ടം. എന്നാൽ 'കാട്ടിലെ തടി തേവരുടെ ആന ' എന്ന മനോഭാവമാണ് ഉദ്യോഗസ്ഥർക്ക്. ഇതിനെതിരെ ജനപ്രതിനിധികൾ പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.