hisashi-ouchi

ജപ്പാനിലെ ഒരു ന്യൂക്ലിയർ പവർ പ്ലാന്റിലെ ലാബ് ടെക്നീഷ്യനായിരുന്നു ഹിസാഷി ഔചി. 1999 സെപ്റ്റംബർ 30ന് പ്ലാന്റിലുണ്ടായ ഭീകരമായ ഒരു അപകടത്തിന്റെ ഇരയായി മാറി ഔചി. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആണവവികിരണമേറ്റ് വേദന അനുഭവിച്ച് ഔചി ജീവിച്ചത് നീണ്ട 83 ദിവസമാണ്. വൈദ്യശാസത്രലോകത്തെ നടുക്കുന്ന ഓർമയാണ് ഇന്നും ഔചി.

 അറിയാതെ സംഭവിച്ച അശ്രദ്ധ

ജപ്പാനിലെ ടൊകൈമുറ ന്യൂക്ലിയർ പവർ പ്ലാന്റിലെ ജീവനക്കാരായിരുന്നു ഹിസാഷി ഔചി ( 35) )​,​ മസാറ്റൊ ഷിനോഹറ ( 39 ), യുറ്റാക യോകോകാവ ( 59 ) എന്നിവർ. ആണവ ഇന്ധന ബാച്ച് തയാറാക്കുന്നതിന്റെ തിരക്കിലായിരുന്നു ഇവർ മൂവരും. ഇതിനായി വലിയ ഒരു സംഭരണിയിലേക്ക് യുറേനിയം ചേർക്കേണ്ടതുണ്ട്. ഔചിയും ഷിനോഹറയുമായിരുന്നു യുറേനിയം ഇത്തരത്തിൽ സംഭരണിയിലേക്ക് ഒഴിച്ചുകൊണ്ടിരുന്നത്. യോകോകാവയാകട്ടെ യുറേനിയം സംഭരണിയിൽ നിന്ന് 4 മീറ്റർ അകലെ തന്റെ ജോലികളിൽ മുഴുകിയിരിക്കുകയായിരുന്നു.

പെട്ടെന്നായിരുന്നു എല്ലാം. യുറേനിയം ടാങ്കിന് മുകളിൽ തിളങ്ങുന്ന നീല നിറത്തോട് കൂടിയ അതിശക്തമായ തീപ്പൊരി പ്ലാന്റിലുള്ളവർ കണ്ടു. ഔചിയും ഷിനോഹറയും തയാറാക്കിക്കൊണ്ടിരുന്ന മിശ്രിതത്തിൽ ന്യൂക്ലിയർ റിയാക്ഷൻ സംഭവിക്കുകയും അപകടകരമായ തോതിൽ ന്യൂടോൺ റേഡിയേഷനും ഗാമാ കിരണങ്ങളും പുറത്തുകടക്കുകയുമായിരുന്നു. അതിഭീകരമായ ഒരു പൊട്ടിത്തെറി അവിടെ സംഭവിക്കുകയായിരുന്നു.

ഔചിയും ഷിനോഹറയും മിശ്രിതം തയാറാക്കിയപ്പോൾ സംഭവിച്ച പിഴവാണ് അപകടത്തിൽ കലാശിച്ചത്. കാരണം, മിശ്രിതത്തിൽ ചേർക്കേണ്ട യുറേനിയത്തിന്റെ അളവ് 2.4 കിലോഗ്രാം ആയിരുന്നു. എന്നാൽ, ഇരുവരും 16 കിലോഗ്രാം യുറേനിയമാണ് മിശ്രിതത്തിൽ ചേർത്തത്. മാത്രമല്ല, ആണവ ഇന്ധനം തയാറാക്കുന്നതിനായി യുറേനിയം ഉപയോഗിക്കേണ്ട വശങ്ങളെ പറ്റി ഇവർക്ക് മതിയായ പരിശീലനവും ലഭിച്ചിരുന്നില്ല.

മൂന്ന് വർഷത്തിനിടെ ആദ്യമായാണ് പ്ലാന്റിൽ ഇത്തരത്തിൽ യുറേനിയം ഉപയോഗിച്ചതും. വർഷത്തിൽ രണ്ട് തവണ മാത്രമായിരുന്നു ന്യൂക്ലിയർ പ്ലാന്റിൽ സ്റ്റേറ്റ് കൺട്രോളറുടെ പരിശോധന നടന്നിരുന്നത്. പ്ലാന്റിൽ പ്രവർത്തനം നടക്കുന്നതിനിടെയിൽ പരിശോധനകൾ ഒന്നും നടന്നിരുന്നതുമില്ല.

 താങ്ങാനാവുന്നതിലും അപ്പുറം...

അപകടത്തെ തുടർന്നുണ്ടായ റേഡിയേഷൻ ഹിസാഷി ഔചിയെ ബാധിച്ചത് ഏതൊരു മനുഷ്യനും സങ്കല്പിക്കാവുന്നതിലും അപ്പുറമായിരുന്നു. താങ്ങാനാവുന്നതിലധികം വേദനയോടെ ഔചി അവിടെ തളർന്നുവീണു. ശരിക്കും ശ്വാസമെടുക്കാനായിരുന്നില്ല. ഔചി തുടർച്ചയായി ഛർദ്ദിക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ഔചിയ്ക്കായിരുന്നു ഏറ്റവും കൂടുതൽ റേഡിയേഷനേറ്റതും. ഔചിയേയും പരിക്കേറ്റ ഷിനോഹറ, യോകോകാവ എന്നിവരേയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുറേനിയം ടാങ്കിനോട് ഏറ്റവും അടുത്ത് നിന്നതിനാൽ ഔചിയ്ക്കേറ്റ റേഡിയേഷന്റെ അളവ് 17 Sv ( സിവേട്ട് ) ആയിരുന്നു. ലോകത്ത് ഇന്നേ വരെ ഒരു മനുഷ്യന് നേരിട്ട് അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും ഉയർന്ന അളവിലുള്ള റേഡിയേഷനായിരുന്നു ഇതെന്നാണ് വിലയിരുത്തൽ. ഷിനോഹറ, യോകോകാവ എന്നിവർക്കേറ്റ റേഡിയേഷന്റെ നിരക്ക് യഥാക്രമം 10 Sv, 3 Sv എന്നിങ്ങനെയായിരുന്നു. ഔചിയുടെ തൊലി മുഴുവനും പൊള്ളലേറ്റ് ഇളകിയിരുന്നു.

ആന്തരികാവയവങ്ങൾ മുഴുവനും തകരാറിലായി. രക്തത്തിലെ ശ്വേത രക്താണുക്കളുടെ അളവ് പൂജ്യത്തോടടുത്തു. പ്രതിരോധ ശേഷി മുഴുവൻ തകർന്നു. ഡി.എൻ.എ റേഡിയേഷനേറ്റ് നശിച്ചു. ത്വക്ക് നശിച്ച് ഔചിയുടെ അസ്ഥികളെല്ലാം പുറത്ത് കാണാമായിരുന്നു. ഡോക്ടർമാർ സ്കിൻ ട്രാൻസ്പ്ലാന്റുകൾ അടക്കം പരീക്ഷിച്ചെങ്കിലും ശരീരത്തിലെ മുറിവുകളിലൂടെ രക്തമടക്കം പുറത്തേക്ക് പോയിക്കൊണ്ടിരുന്നു. രക്ത സമ്മർദ്ദം താളംതെറ്റി. ഔചിയുടെ കണ്ണിൽ നിന്ന് പോലും രക്തം പുറത്ത് പോകുന്ന അവസ്ഥയുണ്ടായി.

ദിവസങ്ങൾ കടന്ന് പോകുംതോറും ഔചിയുടെ നില അതീവ ഗുരുതരമായി. വൈകാതെ ഔചിയെ യൂണിവേഴ്സിറ്റി ഒഫ് ടോക്കിയോ ഹോസ്പിറ്റലിലേക്ക് മാറ്റി. ശ്വേത രക്താണുക്കളെ വീണ്ടെടുക്കാനായി ഔചിയ്ക്ക് സ്റ്റെം സെൽ മാറ്റിവച്ചു. ലോകത്ത് തന്നെ ആദ്യമായി നടക്കുന്ന വിജയകരമായ പെരിഫെറൽ സ്റ്റെം സെൽ ട്രാൻസ്ഫ്യൂഷനായിരുന്നു അത്.

 ഒടുവിൽ...

ഔചിയുടെ ചികിത്സയ്ക്കായി ജപ്പാനീസ് സർക്കാർ എല്ലാ സഹായവും നൽകി. ജപ്പാനിലേയും ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ളതുമായ നിരവധി പ്രഗത്ഭരായ ഡോക്ടർമാർ തന്നെ ഔചിയെ ചികിത്സിക്കാനെത്തി. എന്നാൽ അതുകൊണ്ടൊന്നും യാതൊരു ഫലവുമുണ്ടായില്ല.

ജീവൻ നിലനിറുത്താൻ ഉയർന്ന അളവിൽ രക്തവും മറ്റും ഡോക്ടർമാർ ഔചിയുടെ ശരീരത്തിലേക്ക് കടത്തിവിട്ടുകൊണ്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത മരുന്നുകൾ നൽകിക്കൊണ്ടിരുന്നു. ഇതിനിടെയിലും ഔചി വേദന കൊണ്ട് പുളയുകയായിരുന്നു. താനൊരു ഗിനി പന്നിയല്ലെന്നും തന്നെ ഒന്ന് കൊന്ന് തരാനും ഡോക്ടർമാരോട് ഔചി അഭ്യർത്ഥിച്ചിരുന്നതായി പറയുന്നു.

ഔചി മരിക്കുമെന്ന് ഉറപ്പായിരുന്നിട്ടും ഭരണകൂടത്തിന്റെയും മറ്റും താത്പര്യവും സമ്മർദ്ദവും കാരണം ഡോക്ടർമാർ ഔചിയുടെ ജീവൻ പിടിച്ചുനിറുത്തിയത് നീണ്ട 83 ദിവസമാണ്. അത്രയും ദിവസം ഭൂമിയിൽ ഏതൊരു മനുഷ്യനും അനുഭവിച്ചിട്ടുള്ളതിന്റെ നൂറിരട്ടി വേദനയും ദുരിതവുമാണ് ഔചി നേരിട്ടത്.

59ാം ദിവസം 49 മിനിറ്റിനിടെ മൂന്ന് തവണയാണ് ഔചിയുടെ ഹൃദയം നിലച്ചത്. ഇത് ഔചിയുടെ വൃക്കയ്ക്കും തലച്ചോറിനും ഗുരുതരമായ ആഘാതം സൃഷ്ടിച്ചു. എല്ലാ അവയവങ്ങളും നിലച്ചതോടെ ജീവൻ രക്ഷാ ഉപകരണങ്ങളുമായി ജീവിച്ച ഔചി 1999 ഡിസംബർ 21ന് മരണത്തിന് കീഴടങ്ങി. ലോകത്ത് ഏറ്റവും കൂടുതൽ ആണവവികിരണമേറ്റ വ്യക്തിയെന്നാണ് വൈദ്യശാസ്ത്രം ഔചിയെ വിശേഷിപ്പിക്കുന്നത്.

 അവർക്കെന്ത് സംഭവിച്ചു ?

ഷിനോഹറ, യോകോകാവയും ഔചിയുടെ മരണശേഷവും ആശുപത്രിയിൽ തുടർന്നിരുന്നു. ഷിനോഹറയുടെ ആരോഗ്യത്തിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും റേഡിയേഷൻ ശ്വാസകോശത്തിലുണ്ടാക്കിയ തകരാറിന്റെ ഫലമായി അദ്ദേഹത്തിന് ന്യുമോണിയ പിടിപെട്ടു. ഇതുകാരണം അന്ന് ഷിനോഹറയ്ക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. 2000 ഏപ്രിൽ 27ന് ഷിനോഹറ മരിച്ചു. യോകോകാവ ആറുമാസത്തെ ആശുപത്രിവാസത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇവരെ തേടിയെത്തിയ ഈ ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്വം ടൊകൈമുറ ന്യൂക്ലിയർ പവർ പ്ലാന്റിനായിരുന്നു. പ്ലാന്റിലെ ജീവനക്കാരെല്ലാം അപകടകരമായ സഹാചര്യങ്ങളിൽ യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് ജോലി ചെയ്തിരുന്നത്.