p

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ ചൂരമുടിമലയും പെട്ടമലയും മനോഹരമായ കാഴ്ചകൾ ഉൾപ്പെടുന്ന പ്രദേശങ്ങളാണ്. പെട്ട മലയിലെ 120 ഏക്കറോളം വരുന്ന പാറമടകൾ പ്രകൃതി രമണീയമാണ്. ഇവിടേയ്ക്ക് ടൂറിസ്റ്റ്കളും ഷൂട്ടിംഗിനും മറ്റുമായി നിരവധിപേർ വന്നു പോകുന്നുണ്ട്. ചൂരമുടി മലയിലും പെട്ട മലയിലും സ്വകാര്യ വ്യക്തികളുടെയും സർക്കാർ റവന്യു റിക്കവറി നടത്തിയെടുത്ത പുറമ്പോക്കും പഞ്ചായത്തുപുറമ്പോക്കും യഥേഷ്ടമുണ്ട്. ഈ സ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്ത് പഞ്ചായത്തിന് കൈമാറിയാൽ ബോട്ടിംഗ് സൗകര്യങ്ങൾ, റോപ് വേ , അടക്കം വിനോദ സഞ്ചാരികൾക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ സാധിക്കും. ഇവിടം വിനോദ സഞ്ചാര മേഖലയായി പ്രഖ്യാപിച്ച് സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസ്സാക്കിയിട്ടുണ്ട്. സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ടൂറിസം മന്ത്രിയുടെ നിർദ്ദേശമനുസരിച്ച്‌ സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും ഒരോ ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനമനുസരിച്ച് മുടക്കുഴ പഞ്ചായത്തിൽ ടൂറിസം പദ്ധതി നടപ്പിലാക്കുവാൻ ഈ പ്രദേശങ്ങൾ അനുയോജ്യമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചൂരമുടി മലയിൽ വാച്ച് ടവർ സ്ഥാപിക്കുവാൻ സാധിച്ചാൽ മനോഹരമായ വിദൂരകാഴ്ചകൾ കാണുവാൻ വിനോദ സഞ്ചാരികൾക്ക് പ്രയോജനമാകും. ഗൂഗിൾ മാപ്പ് നോക്കി യുവതി യുവാക്കൾ അടക്കം ധാരാളം പേർ നിയന്ത്രണങ്ങളില്ലാതെ വരുന്നതുകൊണ്ട് പല അപകട മരണങ്ങൾക്കും ഈ പ്രദേശം സാക്ഷിയായിട്ടുണ്ട്. പ്രദേശം സർക്കാർ ഏറ്റെടുത്താൽ ഈ അപകടങ്ങൾക്കും അറുതി വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ചൂരമുടി മലയും പെട്ട മലയുംവിനോദ സഞ്ചാര കേന്ദ്രമാക്കാൻ മുടക്കുഴ പഞ്ചായത്തു കമ്മിറ്റി പ്രമേയം പാസ്സാക്കിയിട്ടുണ്ട്. ഈ പദ്ധതി നടപ്പിൽ വരുത്തുന്നതിനു വേണ്ടി പെരുമ്പാവൂർ എം.എൽ.എ.മുഖേന സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിക്ക് സമർപ്പിക്കും.

പി.പി.അവറാച്ചൻ,

പ്രസിഡന്റ്,

മുടക്കുഴപഞ്ചായത്ത്