നെയ്യാറ്റിൻകര: നെയ്യാറിന് അക്കരെയിക്കരെയുള്ള ജനങ്ങളുടെ ചിരകാലാഭിലാഷം പൂവണിയാൻ ഇനിയും കാത്തിരിക്കണം. കന്നിപ്പുറം പാലത്തിന്റെ നിർമ്മാണം വൈകുന്നതാണ് നൂറുകണക്കിന് ജനങ്ങളെ നിരാശരാക്കുന്നത്. ഇരുമ്പിൽ, മരുതത്തൂർ, ചായ്ക്കോട്ടുകോണം, കുളത്താമാൽ, കൊല്ലയിൽ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളടക്കമുള്ളവരാണ് പാലത്തിനായി കാത്തിരിക്കുന്നത്. പാലത്തിനായി ഫണ്ട് അനുവദിച്ച് വർഷങ്ങൾ പിന്നിട്ടു. എന്നാൽ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ വൈകുന്നതാണ് തിരിച്ചടിയാകുന്നത്.
നെയ്യാറ്റിൻകര കോടതി റോഡിൽ നിന്ന് ആരംഭിച്ച് ഇരുമ്പിൽ പ്രദേശത്ത് എത്തിച്ചേരുന്നതിനാണ് നെയ്യാറിന് കുറുകേ കന്നിപ്പുറം പാലം നിർമ്മിക്കുന്നത്. മൂന്ന് വർഷം മുമ്പാണ് ഇതിനായി പദ്ധതി രേഖ തയ്യാറാക്കിയത്. 8 മീറ്രർ വീതിയിൽ നിർമ്മിക്കുന്ന പാലത്തിനായി കിഫ്ബി ഫണ്ടിൽ നിന്ന് ഒരു വർഷം മുമ്പ് 12 കോടി രൂപയും അനുവദിച്ചു.
പാലത്തിന് അനുബന്ധമായി നെയ്യാറിന്റെ ഇരുവശത്തും 10 മീറ്റർ വീതിയിൽ അപ്രോച്ച് റോഡ് നിർമ്മിക്കേണ്ടതുണ്ട്. ഇതിന്റെ സ്ഥലമേറ്റെടുക്കലാണ് മൂന്ന് വർഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ കിടക്കുന്നത്. 25 സെന്റ് സ്ഥലമേറ്റെടുക്കാനായി 5 കോടിയോളം രൂപയാണ് അനുവദിച്ചത്. എന്നാൽ ഭൂവുടമകളുമായി സംസാരിച്ച് സ്ഥലത്തിന്റെ വിലനിർണയം വൈകുന്നതാണ് തിരിച്ചടിയാകുന്നത്.
ആശ്രയം കടത്തുവള്ളം
നിലവിൽ ഇരുകരകളിലേക്കും എത്തിച്ചേരാൻ പ്രദേശവാസികൾ കടത്തുവളളങ്ങളെയാണ് ആശ്രയിക്കുന്നത്. മഴക്കാലത്ത് നെയ്യാറിൽ വെള്ളം പൊങ്ങുന്നതോടെ ഇവർ ഭീതിയുടെ നടുവിലാകും. കുട്ടികളെ സ്കൂളുകളിൽ അയയ്ക്കുന്നവരാണ് ഏറെ ഭയപ്പാടോടെ കഴിഞ്ഞിരുന്നത്. നിലവിൽ സ്കൂളുകൾ പ്രവർത്തിക്കാത്തതിനാൽ ആശ്വാസത്തിൽ കഴിഞ്ഞിരുന്ന ഇവർ അടുത്തമാസം സ്കൂൾ തുറപ്പ് പ്രഖ്യാപിച്ചതോടെ അങ്കലാപ്പിലാണ്. കന്നിപ്പുറം പാലം വന്നാൽ വിദ്യാർത്ഥികളുടെ ദുരിതയാത്രയ്ക്ക് അവസാനമാകും.
ലാഭം കിലോമീറ്ററുകൾ
പെരുങ്കടവിളയിലുള്ളവർക്കും മാരായമുട്ടം-നെയ്യാറ്റിൻകര അറക്കുന്ന് വഴി ടൗണിലെത്തുന്നവർക്കും പാലം വരുന്നതോടെ ആശ്വാസമാകും. ഇവർക്ക് നെയ്യാറ്റിൻകര ടൗണിലെത്തുന്നതിന് കിലോമീറ്രറുകളാണ് ലാഭം.
നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പാലം യാഥാർത്ഥ്യമാക്കണമെന്നാണ് നെയ്യാറിന്റെ ഇരുഭാഗത്തേയും ജനങ്ങളുടെ ആവശ്യം.
1. പാലത്തിന് അനുമതി ലഭിച്ചിട്ട് 3 വർഷത്തിലേറെ
2. കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചത് 12 കോടി
3. ഭൂമി ഏറ്റെടുക്കലിന് അനുവദിച്ചത് 5 കോടി രൂപ
4. വിലനിർണയം വൈകുന്നത് തിരിച്ചടിയാകുന്നു
"പാലത്തിന്റെ അപ്രോച്ച് റോഡിനായി ഭൂവുടമകളുമായി സംസാരിച്ച് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുത്ത് റവന്യു- പി.ഡബ്ല്യു.ഡി അധികൃതർക്ക് കൈമാറിയ ശേഷമേ പാലത്തിന്റെ നിർമ്മാണ ജോലികൾക്കായുളള ടെൻഡർ നടപടികൾ ആരംഭിക്കാൻ സാധിക്കൂ. അതിനായുളള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. "
കെ. ആൻസലൻ
എം.എൽ.എ