വർക്കല: വെങ്ങാനൂർ പൗർണമി കാവ് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠനടത്തുന്നതിനായി തമിഴ്നാട് മയിലാടിയിൽ നിന്നും ആരംഭിച്ച 51 അക്ഷര ദേവി ശില്പങ്ങളും വഹിച്ചുകൊണ്ടുള്ള രഥയാത്ര വർക്കല ശിവഗിരിയിലെത്തിച്ചേർന്നു. ശിവസേന സംസ്ഥാന പ്രസിഡന്റും പൗർണമി കാവ് ദേവീക്ഷേത്ര ട്രസ്റ്റിയുമായ എം.എസ്. ഭുവനേന്ദ്രന്റെയും സപ്താഹ ആചാര്യൻ പള്ളിക്കൽ സുനിലിന്റെയും നേതൃത്വത്തിലാണ് ശില്പങ്ങൾ വഹിച്ചുകൊണ്ടുള്ള രഥയാത്ര മയിലാടിയിൽ നിന്നും പുറപ്പെട്ടത്. ശിവഗിരിയിലെത്തിയ രഥയാത്രയ്ക്ക് ഊഷ്‌മളമായ സ്വീകരണം നൽകി. ശിവഗിരി മഠത്തിലെ സ്വാമി ഗോവിന്ദാനന്ദ, സ്വാമി ധർമ്മാനന്ദ, ബ്രഹ്മചാരി അമൃത ചൈതന്യ എന്നിവർ ചേർന്ന് ശില്പങ്ങളെ പൂജാ കർമ്മങ്ങൾ നടത്തി. വെള്ളാർ സന്തോഷ്, കോട്ടുകാൾ ഷൈജു, ബാജി ഗോവിന്ദൻ, കിളിമാനൂർ അജികുമാർ, ശിവഗിരി മഠം പി. ആർ.ഒ. കെ.കെ. ജനീഷ്, ഷാജി വാമദേവൻ തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.