നാലുപേർ പിടിയിലായതായി സൂചന
കല്ലമ്പലം: ആളില്ലാത്ത ബന്ധുവീട്ടിൽ കുളിക്കാൻ പോയ ഇരുപത്തിരണ്ടുകാരിക്ക് നേരെ പീഡനശ്രമം. കല്ലമ്പലം മുത്താനയിൽ ശനിയാഴ്ച രാവിലെ ഒൻപതരയ്ക്കാണ് സംഭവം. യുവതി തൊട്ടടുത്തുള്ള ബന്ധുവീട്ടിലെ കുളത്തിൽ കുളിക്കുന്നതിനും തുണി അലക്കുന്നതിനുമായി എല്ലാദിവസവും പോകാറുണ്ട്. എന്നാൽ കഴിഞ്ഞദിവസം ഈ വീട്ടിലുള്ളവർ ജോലിക്ക് പോയതിനാൽ ഇവിടെ ആരും ഉണ്ടായിരുന്നില്ല. ഈ സമയത്ത് അപരിചിതനായ ഒരാൾ വീട് തിരക്കി എത്തുകയും ഇയാൾ മടങ്ങി കുറച്ചുസമയത്തിനുള്ളിൽ നാലുപേർ എത്തി യുവതിയെ ഉപദ്രവിക്കുകയുമായിരുന്നു എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
കൈയും കാലും കെട്ടിയശേഷം ഒച്ചവയ്ക്കാതിരിക്കാൻ വായിൽ ഷാൾ തിരുകിക്കയറ്റിയായിരുന്നു ഉപദ്രവം. മൽപ്പിടിത്തത്തിനിടെ ചുവരിൽ തലയിടിച്ച്
യുവതിയുടെ ബോധം നഷ്ടപ്പെട്ടതോടെ സംഘം ഓടിരക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. മകൾ മടങ്ങിയെത്താൻ വൈകിയതോടെ അമ്മ ബന്ധുവീട്ടിലെത്തിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകിയ യുവതിയെ വിദഗ്ദ്ധ പരിശോധനയ്ക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതി സംസാരിച്ച് തുടങ്ങിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ഫോറൻസിക് വിദഗ്ദ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ കണ്ട നാലുപേരെ കല്ലമ്പലം പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായാണ് സൂചന.