തിരുവനന്തപുരം: കോൺഗ്രസ് മണക്കാട് വാർഡ് പ്രസിഡന്റ് സി. രാമചന്ദ്രൻ നായരെയും ഏഴുമാസം ഗർഭിണിയായ ഭാര്യ സരിതയെയും കോൺഗ്രസ് പ്രവർത്തകർ വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ പാർട്ടി നടപടി എടുക്കാത്തതിൽ പ്രതിഷേധം. കഴിഞ്ഞയാഴ്‌ചയാണ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കോട്ടയ്‌ക്കകം രാജേഷ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ര‌ഞ്ജിത്ത്, രാകേഷ് എന്നിവർ മദ്യലഹരിയിൽ രാമചന്ദ്രൻ നായരുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ഇതിൽ രഞ്ജിത്തിനെയും രാകേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. ഒളിവിൽ കഴിയുന്ന കോട്ടയ്ക്കകം രാജേഷിനെ ഇതുവരെയും പിടികൂടിയിട്ടില്ല.

സംഭവത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് പരാതി നൽകിയ സരിത മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് അറിയിച്ചു. കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നാണ് ഇവരുടെ കുടുംബം പറയുന്നത്.

ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ വിശ്രമത്തിലാണ് സരിത.

കേസിലെ പ്രതിയായ കോട്ടയ്‌ക്കകം രാജേഷിനെ മുൻ മന്ത്രിയുടെ പി.എ ആയ വാസുദേവൻനായരുടെ നേതൃത്വത്തിലാണ് സംരക്ഷിക്കുന്നതെന്നാണ് ആക്ഷേപം. സംഭവത്തിൽ കോൺഗ്രസ് ജില്ലാ നേതൃത്വത്തിനും സരിത പരാതി നൽകിയിരുന്നു. ഡി.സി.സി ഭാരവാഹികളായ ശ്രീകണ്‌ഠൻ നായർ, ഹരികുമാർ എന്നിവരെയാണ് പാർട്ടി അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. കോൺഗ്രസ് നേതാക്കളെ നിയമസഭാതിരഞ്ഞെടുപ്പ് സമയത്ത് ആക്രമിച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നയാളാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയ ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാറെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. ഹരികുമാർ മുൻ മന്ത്രിയുടെ ഏറ്റവും അടുത്ത അനുയായി ആണെന്നും ഇവർ പറയുന്നു.

കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് മറിച്ചെന്ന് ആരോപണമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാമചന്ദ്രൻനായർ കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകി. വാസുദേവൻ നായർക്ക് എതിരെയായിരുന്നു പരാതി. ഇതാണ് പിന്നീട് ഇരുവിഭാഗങ്ങളും തമ്മിലുളള ശത്രുതയിലേക്ക് വഴിയൊരുക്കിയതെന്നാണ് സൂചന.