തിരുവനന്തപുരം: കെട്ടിട നികുതി വെട്ടിപ്പിനെതിരെ നഗരസഭയിൽ ബി.ജെ.പി കൗൺസിലർമാർ നടത്തുന്ന രാപ്പകൽ സമരം ആറാം ദിവസത്തേക്ക്. സമരത്തിന്റെ ഭാഗമായി ഇന്ന് എല്ലാ വാർഡ് കേന്ദ്രങ്ങളിലും ബി.ജെ.പി സായാഹ്ന ധർണ സംഘടിപ്പിക്കും. ഇന്നലെയും വിവിധ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സമരത്തിന് അഭിവാദ്യമാർപ്പിച്ചു.
രണ്ട് ദിവസത്തെ അവധിക്ക് ശേഷം നഗരസഭാ ഓഫീസ് ഇന്ന് തുറക്കുമ്പോൾ സമരം ശക്തമാക്കാനാണ് ബി.ജെ.പിയുടെ നീക്കം.
മുന്നോട്ട് വച്ചിരിക്കുന്ന മൂന്നു ഉപാധികളും നടപ്പാക്കുന്നതുവരെ സമരം തുടരാനാണ് ബി.ജെ.പി തീരുമാനം. ഇന്നു മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതോടെ നഗരസഭയിലെ അഴിമതി കൂടുതൽ ചർച്ചയാകും. ഇന്നലെ മുൻ എം.എൽ.എ ഒ. രാജഗോപാൽ, വിജയൻ തോമസ് തുടങ്ങിയ ബി.ജെ.പി നേതാക്കൾ കൗൺസിലർമാർക്ക് ഐക്യദാർഢ്യവുമായി കൗൺസിൽ ഹാളിലെത്തി. വാർഡുതലങ്ങളിൽ വിശദീകരണയോഗങ്ങൾ, ജില്ലയിലെ ജനപ്രതിനിധികളുടെ സത്യഗ്രഹം, പട്ടികജാതി മോർച്ച ഒ.ബി.സി മോർച്ച സംഘടനകളുടെ മാർച്ച് എന്നിവയുമായി സമരപരിപാടികൾ ശക്തമാക്കും.