കാട്ടാക്കട:കോട്ടൂർ വ്ലാവെട്ടിഎന്നിവിടങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമങ്ങൾക്ക് ശമനമില്ല.ഇക്കഴിഞ്ഞ ദിവസം കൃഷി ഭൂമി സംരക്ഷിക്കാനായി അതിർത്തിയിൽ പതിനായിരങ്ങൾ മുടക്കി നിർമ്മിച്ച സുരക്ഷാവേലി നശിപ്പിച്ചാണ് സംഘത്തിന്റെ ഒടുവിലത്തെ അതിക്രമം.കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി തവണയാണ് സമൂഹവിരുദ്ധ സംഘം മുള്ളുവേലി നശിപ്പിക്കുന്നത്.ഇതുസംബന്ധിച്ച് വസ്തുവിന്റെ ഉടമ ഉഴമലയ്ക്കൽ ഗവ. ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ നേമം കുളത്തറ രമേഷ് നിവാസിൽ ഡോ.രമേഷ് നെയ്യാര്‍ഡാം പൊലീസില്‍ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.സാമൂഹ്യവിരുദ്ധ സംഘത്തിന്റെ അതിക്രമം തുടരുകയാണ്.
ഭൂമിയുടെ അതിരുസംരക്ഷിക്കാനായി സ്ഥാപിച്ചിരുന്ന കല്ലുകളും, മുള്ളുവേലിയുമാണ് നശിപ്പിച്ചത്.കല്ലുകൾ അടിച്ചുടക്കുകയും, മുള്ളുവേലി നശിപ്പിക്കുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ട്..ഡോക്ടറുടെ ഭൂമി ആവശ്യപ്പെട്ട ഭൂമാഫിയയ്ക്ക് സ്ഥലം നൽകാത്തതിലുള്ള വൈരാഗ്യമാണ് സുരക്ഷാവേലി നശിപ്പിച്ചതെന്ന് ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നത്.സാമൂഹ്യ വിരുദ്ധരുടെ ശല്യം ഏറിയതോടെ ഉടമ സുരക്ഷ സി.സി.ടി.വി കാമറ സ്ഥാപിച്ചു.ഇതിൽ നിന്നും സുരക്ഷാവേലി തകർക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു.ദൃശ്യങ്ങൾ ഉൾപ്പെടെയാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.രണ്ട് മാസങ്ങൾക്ക് മുൻപാണ് കോട്ടൂർ പ്രദേശത്ത് മദ്യ-മയക്കുമരുന്ന് മാഫിയ വീടുകൾ അടിച്ചു തകർക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തത്.ഇത്തരം സംഘങ്ങൾക്കെതിരേ ശക്തമായ നടപടിവേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഫോട്ടോ.....................കോട്ടൂരിൽ ഡോക്ടറുടെ ഭൂമിയുടെ സുരക്ഷാ വേലി സാമൂഹ്യ വിരുദ്ധർ തകർത്ത നിലയിൽ