മുടപുരം:മുടപുരം ഗവ.യു.പി.സ്കൂളിൽ ഗാന്ധിജയന്തി വാരാചരണ പരിപാടികൾക്ക് തുടക്കമായി. വാർഡ് മെമ്പർ പി.പവന ചന്ദ്രൻ ഗാന്ധി ചിത്രത്തിന് മുന്നിൽ ദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക കെ.എസ് വിജയകുമാരി സമാധാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈകിട്ട് 4 മണി മുതൽ ഓൺലൈനായി ഗാന്ധിജയന്തി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ ദീപം തെളിച്ച് ഗാന്ധിവചനങ്ങൾ അവതരിപ്പിച്ചു, പ്രസംഗം, അഭിമുഖം, ഗാന്ധി കവിതകളുടെ ആലാപനം, പോസ്റ്റർ രചന, എന്നീ പരിപാടികളിൽ സ്കൂളിലെ പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസിലെ കുട്ടികൾ പങ്കെടുത്തു. ഗാന്ധിജിയുടെ വേഷമണിഞ്ഞ് എത്തിയ കുരുന്നുകൾ ഓൺലൈൻ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.വരുന്ന ഒരാഴ്ചത്തേക്ക് ശുചീകരണ പരിപാടികൾ, വൃക്ഷതൈ നടീൽ, ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ ദൃശ്യാവിഷ്കാരം, സ്വദേശി ഉത്പന്നങ്ങളുടെ നിർമാണം, ക്വിസ് മത്സരം, ഗാന്ധി കഥകളുടെ അവതരണം, ഗാന്ധി ചിത്രരചനാമത്സരം, പ്രകൃതിജീവനം- ബോധവൽക്കരണ ക്ലാസ് തുടങ്ങി വിപുലമായ പരിപാടികൾ നടപ്പിലാക്കാൻ ആസൂത്രണം ചെയ്തിട്ടുണ്ട്.