കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തെ കാർബൺ ന്യൂട്രൽ നിയോജക മണ്ഡലമാക്കുന്നതിനുള്ള ബൃഹത് പദ്ധതിക്ക് ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമായി. ഗാർഹിക-ഗതാഗത-വ്യാവസായിക പ്രവർത്തനങ്ങളിൽ നിന്നുമുള്ള കാർബൺ ബഹിർഗമനത്തിന്റെ ലഘൂകരണം, മണ്ണ് സംരക്ഷണം, ജല സംരക്ഷണം, ജൈവ കൃഷി വ്യാപനം, ശാസ്ത്രീയമായ മണ്ണ് പരിപാലനം, ഊർജ്ജ സംരക്ഷണം തുടങ്ങി സുസ്ഥിര വികസനത്തിനായുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ കാട്ടാക്കട മണ്ഡലത്തെ കാർബൺ സന്തുലനത്തിലേക്ക് നയിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യഘട്ടത്തിൽ ഗാന്ധിജയന്തി ദിനം മുതൽ നവംബർ1 വരെ നീണ്ടു നിൽക്കുന്ന ബോധവത്കരണ ക്യാമ്പയിൻ നടത്തും.
മണ്ഡലത്തിലെ എൽ.പി സ്കൂൾതലം മുതൽ കോളേജ് തലം വരെയുള്ള 45,000 ത്തോളം വരുന്ന വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ ബോധവത്കരണം നടത്തുക.
കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഉദ്ഘാടനവും വിദ്യാർത്ഥികൾക്ക് കാർബൺ ന്യൂട്രൽ എന്ന ആശയത്തെ പറ്റി അവബോധം നൽകുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കാൻ ഓൺലൈനായി സംഘടിപ്പിച്ച ശില്പശാല ഐ.ബി.സതീഷ്. എം.എൽ.എ നിർവഹിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ബിജു. ബി, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ. നിസാമുദീൻ, ഡെപ്യൂട്ടി ഡയറക്ടർ ഒഫ് എഡ്യൂക്കേഷൻ സന്തോഷ് കുമാർ, കാട്ടാക്കട എ.ഇ.ഒ ബീന കുമാരി, കാട്ടാക്കട ബി.ആർ.സിയിലെ ബി.പി.സി ശ്രീകുമാർ, നിഷ ആൻ ജേക്കബ്, നാറ്റ്പാക് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രചരണത്തിന്റെ രണ്ടാം ഘട്ടമായി റസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ,വിവിധ ക്ലബുകൾ എന്നിവർക്കായി നവംബർ 1 മുതൽ ക്യാമ്പയിൻ സംഘടിപ്പിക്കും. തുടർന്ന് മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കി കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള പ്രായോഗിക പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.