ബാലരാമപുരം: വഴിത്തർക്കത്തിൽ വീട്ടമ്മയെ ദേഹോപദ്രവം ഏല്പിച്ച പ്രതിയെ പൊലീസ് പിടികൂടിയ ശേഷം വിട്ടയച്ചതായി പരാതി. കഴിഞ്ഞ 17ന് വൈകിട്ട് 6 ഓടെയാണ് സംഭവം. പുന്നക്കാട് കൊട്ടറക്കോണം കിഴക്കേക്കര പുത്തൻവീട്ടിൽ സോമന്റെ ഭാര്യ സുധയ്‌ക്കാണ് പരിക്കേറ്റത്. അയൽവാസിയായ കിഴക്കേക്കര പുത്തൻ വീട്ടിൽ കണ്ണൻ എന്ന സുധീഷ് മർദ്ദിച്ചെന്നാണ് പരാതി.
സുധീഷ് അടിവയറ്റിൽ ചവിട്ടിയതിനെ തുടർന്ന് ചോരയൊലിച്ച് നിലത്ത് വീഴുകയായിരുന്നു. അക്രമി സി.പി.എം പ്രവർത്തകനായതിനാൽ സുധയെ ആശുപത്രിയിലേക്ക് മാറ്റാനോ സഹായിക്കാനോ ആരും എത്തിയില്ലെന്നും പൊലീസിൽ പറഞ്ഞാൽ തന്നെയും കുടുംബത്തേയും വച്ചേക്കില്ലെന്നാണ് പറഞ്ഞതെന്നും ആരോപണമുണ്ട്. അബോധാവസ്ഥയിലായ സുധയെ ഭർത്താവ് സോമൻ എത്തിയാണ് നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ചത്. ബാലരാമപുരം എസ്.എച്ച്.ഒയെ കണ്ട് പരാതി ബോധിപ്പിച്ചതിന് പിന്നാലെയാണ് സോമൻ സുധയെ ആശുപത്രിയിലാക്കിയത്. ഉടൻ പ്രതിയെ പിടികൂടുമെന്നും ഭാര്യയെ ആശുപത്രിയിലെത്തിക്കാനും സി.ഐ നിർദ്ദേശിച്ചു. എന്നാൽ പ്രതിയെ കസ്റ്റയിലെടുത്തശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നെന്നാണ് പരാതി. പിറ്റേന്ന് ഭർത്താവ് സോമൻ വക്കീലിനെ സമീപിച്ചതിനെ തുടർന്നാണ് സുധീഷിനെതിരെ കേസെടുത്തതെന്നും ഇവർ പറയുന്നു. പരിക്ക് ഗുരുതരമായതിനാൽ അന്നേ ദിവസം രാത്രിയോടെ സുധയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബാലരാമപുരം പൊലീസെത്തി സുധയിൽ നിന്നും മൊഴിയെടുത്തിരുന്നു. പൊലീസ് പ്രതിയെ വിട്ടയച്ചതിനെതിരെ മുഖ്യമന്ത്രിക്കും വനിതാസെല്ലിലും റൂറൽ എസ്.പിക്കും ഡി.ജി.പിക്കും സുധ പരാതി നൽകിയിട്ടുണ്ട്.