theatre

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ഈ മാസം 25 മുതൽ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും, 28നോ 29നോ തുറന്നാൽ

മതിയെന്ന് തിയേറ്ററുടമകളുടെ തീരുമാനം.

25 തിങ്കളാണ്. വമ്പൻ ചിത്രങ്ങളില്ലാതെ തിങ്കളാഴ്ച തുറന്നാൽ കളക്ഷൻ ലഭിക്കില്ല. വ്യാഴം (28), വെള്ളി (29) ദിവസങ്ങളാകുമ്പോൾ വാരാന്ത്യ കളക്ഷൻ ലഭിക്കും. അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഉടമകൾക്ക് ആശ്വാസകരമായ പാക്കേ‌ജും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. അടഞ്ഞു കിടന്ന നാളുകളിലെല്ലാം വൈദ്യുതി ഫിക്‌സ‌ഡ് ചാർജ് ഉടമകൾ അടച്ചു.

മലയാളത്തിലെ സൂപ്പർതാര ചിത്രങ്ങളുടെയെല്ലാം നിർമ്മാതാക്കൾ, തിയേറ്ററിലേക്കുള്ള പ്രേക്ഷകരുടെ വരവ് കണ്ടറിഞ്ഞ ശേഷം റീലീസ് ചെയ്താൽ മതിയെന്ന തീരുമാനത്തിലാണ്. ദീപാവലി നാളായ നവംബർ നാലിനാണ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 'അണ്ണാത്തെ' എന്ന ബിഗ് ബഡ്ജറ്റ് ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്യുന്നത്. തിയേറ്ററുകളിലെ ഉത്സവം തിരിച്ചുകൊണ്ടു വരാൻ രജനി ചിത്രത്തിന് കഴിയും. ആദ്യ ലോക്ക് ഡൗണിനു ശേഷം കഴിഞ്ഞ ജനുവരി 13 ന് തിയേറ്ററുകൾ തുറന്നപ്പോൾ റിലീസ് ചെയ്തത് വിജയ് ചിത്രം 'മാസ്റ്റർ' ആയിരുന്നു. വിജയ് പടം പണം വാരിയ ശേഷം,ജയസൂര്യ നായകനായ 'വെള്ളം' ,മമ്മൂട്ടിയുടെ 'പ്രീസ്റ്റ്' എന്നിവയും വിജയിച്ചിരുന്നു. ഏപ്രിൽ 20നാണ് തീയേറ്ററുകൾ വീണ്ടും പൂട്ടിയത്. തിയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ വരവുണ്ടായാൽ മോഹൻലാൽ നായകനായ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം', ആറാട്ട്,​ പൃഥ്വിരാജ് ചിത്രം 'ജനഗണമന',​ ദുൽക്കർ സൽമാന്റെ 'കുറുപ്പ്',​ 'സല്യൂട്ട്', നിവിൻ പോളി ചിത്രം 'തുറമുഖം' എന്നിവ ഒന്നിനു പുറകെ ഒന്നായി റിലീസ് ചെയ്യും.