പൂവച്ചൽ: അന്യം നിന്നുപോയ നെൽകൃഷിയെ തിരികെപ്പിടിക്കാൻ രണ്ടു പതിറ്റാണ്ടിന് ശേഷം പൂവച്ചൽ ഏലായിൽ ഞാറ് നട്ടു.
പൂവച്ചൽ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച നടീൽ ഉത്സവം ജി. സ്റ്റീഫൻ.എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സനൽകുമാറും ഒപ്പം കൂടി. ഗ്രാമ പഞ്ചായത്തംഗങ്ങളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും നാട്ടുകാരും ഇവർക്കൊപ്പം ഉത്സാഹത്തോടെ ചേറിലേക്കിറങ്ങി ഞാറു നടീൽ ആഘോഷമാക്കി.
ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് മുൻമ്പ് കർഷകർ നെൽകൃഷി അവസാനിപ്പിച്ച ആനാകോട് ഏലായിലായിരുന്നു പഞ്ചായത്തിന്റേയും കൃഷിഭവന്റേയും ആഭിമുഖ്യത്തിൽ കൃഷിയിറക്കുന്നത്. രാജ്യത്ത് നെല്ലിന് ഏറ്റവും ഉയർന്ന താങ്ങ് വില പ്രഖ്യാപിച്ചതുൾപ്പെടെ കർഷകർക്ക് ആശ്വാസം നൽകുന്ന നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി തന്നെ പലയിടങ്ങളിലും നെൽകൃഷി ഉൾപ്പടെ ആരംഭിച്ച് കർഷകർ കൃഷിഭൂമിയിലേക്ക് തിരിച്ച് വന്ന് തുടങ്ങി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കർഷകരും ചടങ്ങിൽ പങ്കെടുത്തു.