തിരുവനന്തപുരം: നികുതി പിരിവുമായി ബന്ധപ്പെട്ട് രാഷ്ട്രീയലക്ഷ്യത്തോടെ ചിലർ നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ നഗരവാസികൾ ജാഗ്രത പുലർത്തണമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. പൊതുജനങ്ങൾ അടച്ച നികുതി വരവ് വച്ചിട്ടുണ്ടോയെന്ന് നേരിട്ടെത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു സന്ദേശം ചില സാമൂഹ്യവിരുദ്ധർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ജനങ്ങളെ പരിഭ്രാന്തരാക്കാനും നഗരസഭ നികുതി വരുമാനത്തെ തകർക്കാനുമുള്ള നീക്കമാണത്. നികുതി പിരിവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ബാങ്ക് അക്കൗണ്ടിൽ അടയ്‌ക്കേണ്ട തുകയിൽ ക്രമക്കേട് വരുത്തിയെന്നതുമായി ബന്ധപ്പെട്ടാണ്. അതിനാൽ ജനങ്ങളടച്ച നികുതി തുകയ്ക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും നഗരസഭയ്ക്ക് വന്നിട്ടുള്ള നഷ്ട്ടം ഉദ്യോഗസ്ഥരിൽ നിന്നും തിരിച്ച് പിടിക്കാനുള്ള നടപടികൾ പരിഗണനയിലാണെന്നും മേയർ അറിയിച്ചു.