car

കിളിമാനൂർ: കിളിമാനൂർ മണലയത്തുപച്ചയിൽ നിയന്ത്രണംവിട്ട കാർ തടികയറ്റി വന്ന ലോറിയിൽ ഇടിച്ച് നാലുപേർക്ക് ​ഗുരുതര പരിക്ക്. ‍കാർ യാത്രികരായ കിളിമാനൂർ ചെമ്പകശേരി റോസ് ഭവനിൽ രാജേഷ് (43), കാർത്തികയിൽ വിനോദ് (43), പ്ലാവിളപുത്തൻവീട്ടിൽ അജിത്ത് (43), തട്ടത്തുമല, വട്ടക്കൈത, ബിജുഭവനിൽ ബിജു (43) എന്നിവർക്കാണ് പരിക്ക്. ​ഗുരുതര പരിക്കേറ്റ ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.

തട്ടത്തുമലയിൽ നിന്ന് കിളിമാനൂരിലേക്ക് വരുകയായിരുന്ന കാർ പെരുമ്പാവൂരിലേക്ക് തടി കയറ്റി പോകുകയായിരുന്ന ലോറിയുടെ മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഈ അപകടത്തിന് പിന്നാലെ തടിലോറിയിൽ മറ്റൊരു കാർ ഇടിച്ചെങ്കിലും ആർക്കും പരിക്കില്ല.