കിളിമാനൂർ: പ്ലസ് ടു വിദ്യാർത്ഥിനിയായ കിളിമാനൂർ സ്വദേശിനി എലി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി ആവശ്യപ്പെട്ടു. മരിച്ച അൽഫിയയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീദേവി. എല്ലാ സഹായവും വനിത കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പി. സതീദേവി പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് ഉറപ്പുനൽകി.
പെൺകുട്ടി ആത്മഹത്യചെയ്യാൻ പോകുന്നു എന്നറിഞ്ഞിട്ടും സംഭവത്തിൽ അറസ്റ്രിലായ പ്രതി ഇതിന് പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് വാട്സ് ആപ് സന്ദേശങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് രോഗികളെ കൊണ്ടു പോകുന്ന ആംബുലൻസിലെ സഹായിയാണ് അറസ്റ്റിലായത്. അതുകൊണ്ടുതന്നെ കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.
വനിതാ കമ്മിഷൻ അംഗം ഇ.എം. രാധ, ഒ.എസ്. അംബിക എം.എൽ.എ, സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി ജയചന്ദ്രൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഡി. സ്മിത. കിളിമാനൂർ ഏരിയാ സെക്രട്ടറി ശ്രീജാ ഷൈജുദേവ്, പ്രസിഡന്റ് ശ്രീജാ ഉണ്ണിക്കൃഷ്ണൻ, രാജലക്ഷ്മി അമ്മാൾ, അനിത, ദാമോദരൻ പിള്ള, അഡ്വ.കെ.ശ്രീകുമാർ, അനൂപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.