വിതുര: മലയോര മേഖലയിൽ തിമിർത്ത് പെയ്യുന്ന മഴയിൽ വ്യാപകനാശം. കന്നിമാസത്തിലെ വെയിലിൽ കടൽപോലും വറ്റുമെന്നാണ് പഴമൊഴി. എന്നാൽ ഉച്ചവരെയുള്ള ശക്തമായ ചൂടിന് പിന്നാലെ ഇപ്പോൾ വൈകുന്നേരങ്ങളിൽ കനത്തമഴയാണ് ജനങ്ങളെ കാത്തിരിക്കുന്നത്. അപ്രതീക്ഷിതമായ മഴയിൽ വലിയ നാശനഷ്ടങ്ങളാണ് മലയോരത്തെ കാർഷിക മേഖലയിൽ സംഭവിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി മലയോരമേഖലയിൽ മഴയുടെ തോത് ഗണ്യമായി ഉയർന്നിട്ടുണ്ട്. വനമേഖലയിലാണ് കൂടുതൽ മഴ പെയ്യുന്നത്. തുടർച്ചയായി കോരിച്ചൊരിയുന്ന കനത്ത മഴ കാർഷികമേഖലയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് വിതച്ചിട്ടുള്ളത്. കുടുംബശ്രീ യൂണിറ്റുകളുടെയും പുരുഷ സ്വാശ്രയ സംഘങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിൽ ഇക്കുറി മികച്ച രീതിയിൽ പച്ചക്കറികൃഷിയും മറ്റും നടത്തിയിരുന്നു. നൂറുകണക്കിന് ഏക്കർ തരിശുഭൂമി പാട്ടത്തിനെടുത്താണ് ഭൂരിഭാഗം പേരും കൃഷി നടത്തിയിരുന്നത്. കൃഷി വ്യാപിപ്പിക്കുന്നതിനായി കൃഷിഭവനുകളും പഞ്ചായത്തും സഹായങ്ങളും നൽകി. എന്നാൽ ഇതെല്ലാം കനത്തമഴയിൽ നശിക്കുന്നത് കണ്ടുനിൽക്കാനേ ഇവർക്ക് കളിയുന്നുള്ളൂ.
കർഷകർ കടക്കെണിയിൽ
പ്രതികൂല കാലാവസ്ഥ തകർത്തെറിഞ്ഞത് നിരവധി കർഷകരുടെ സ്വപ്നങ്ങളാണ്. പല കൃഷിയിടങ്ങളിലും വെള്ളംകയറി വിളകൾ അഴുകിയ നിലയിലാണ്.
വിതുര, തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകളിലാണ് വൻതോതിൽ പച്ചക്കറി കൃഷിയും വാഴക്കൃഷിയും നടത്തിയത്. ഇവയാണ് വെള്ളംകയറി നശിച്ചത്. ഇതോടെ കടക്കണിയുടെ നടുവിലാണ് പല കർഷകരും. ബാങ്കിൽ നിന്ന് ലോണെടുത്ത പണത്തിന്റെ അടവുപോലും മുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാത്ത അന്ധാളിപ്പിലാണ് കർഷകർ.
ടാപ്പിംഗ് മേഖലയും നിശ്ചലം
കനത്ത മഴമൂലം ടാപ്പിംഗ് മേഖലയും നിശ്ചലമാണ്. പലവിധ പ്രശ്നങ്ങളാൽ ഇക്കുറി ടാപ്പിംഗ് വളരെ വിരളമായാണ് നടന്നത്. ഇതിനോടൊപ്പമാണ് മഴയും വില്ലനാകുന്നത്. വരുമാനം നിലച്ചതോടെ ടാപ്പിംഗ് മേഖലയെ മാത്രം ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമായി.
"മഴമൂലം കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര സഹായം ലഭ്യമാക്കണം. കാട്ടുമൃഗശല്യത്തിന് പരിഹാരം കാണണം. കർഷകരുടെ ആവശ്യങ്ങൾക്ക് സത്വരപരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും."
എസ്.എസ്.പ്രേംകുമാർ,
കർഷകസംഘം
തൊളിക്കോട് വില്ലേജ് കമ്മിറ്റി