പൂവാർ: കൊവിഡ് നിയന്ത്രണങ്ങൾ മാറിത്തുടങ്ങിയതോടെ പൂവാർ പൊഴിക്കരയുടെ മനോഹര ദൃശ്യം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർദ്ധിച്ചു. നെയ്യാർ നദി അറബിക്കടലിൽ പതിക്കുന്ന മനോഹര കാഴ്ചകാണാൻ വൻ തിരക്കാണ് ഇവിടെ. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നിരവധിപേർ എത്തുന്ന ഇവിടെ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൊഴിക്കരയിൽ കുളിക്കാനെത്തുന്നവരും നെയ്യാറിൽ ബ്രേക്ക് വാട്ടർ സവാരി ചെയ്യാനെത്തുന്നവരുടെയും എണ്ണം നാൾക്കുനാൾ കൂടിവരുമ്പോൾ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളോ സുരക്ഷാ ഉദ്യോഗസ്ഥരോ ഇല്ലാത്തത് അപകടങ്ങളുടെ തോത് വർദ്ധിപ്പിക്കുന്നതായും നാട്ടുകാർ പറയുന്നു. അപകടങ്ങളിൽ പെടുന്നതിൽ ഏറെയും സംഘം ചേർന്നെത്തുന്ന യുവാക്കളാണ്. ഇവർ നെയ്യാറിലും കടലിലും കുളിക്കാനിറങ്ങുമ്പോഴാണ് ഏറെയും അപകടത്തിൽ പെടുന്നത്. പൊഴിമുറിയുമ്പോൾ നെയ്യാറിൽ നിന്നും കടലിലേക്ക് നല്ല ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഈ ഒഴുക്കിൽ പെടുന്നവർ രക്ഷപെടുക എന്നത് വളരെ പാടാണ്. വേലിയേറ്റമുള്ളപ്പോൾ കടലിൽ ശക്തമായ തിരയുണ്ടാകും.ഇതിൽ പെട്ടുപോകുന്നവരാണ് അപകടങ്ങളിൽ പെടുന്നതിൽ ഏറെയും. അതേസമയം, ബോട്ട് സവാരിക്ക് അമിതമായി യാത്രക്കാരെ കയറ്റുന്നതും അപകടങ്ങൾ വിളിച്ചുവരുത്താൻ സാദ്ധ്യതയുണ്ടെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.
അപകടങ്ങൾ ഒഴിവാക്കാം
പൊഴിക്കരയിൽ അപകടത്തിൽ പെടുന്നവരുടെ എണ്ണം കുറവല്ല. ചുരുക്കം ചിലരെയെങ്കിലും അപകടത്തിൽ നിന്ന് രക്ഷിക്കുന്നത് ഇവിടത്തെ ജനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പൊഴിക്കരയിൽ സുരക്ഷാക്രമീകരണങ്ങൾ ഒന്നും നടപ്പാക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇതുകൊണ്ടുതന്നെ സഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ ചിലതൊക്കെ ചെയ്യണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
1. നെയ്യാറിലും, കടലിലും അപകടമേഖല തിരിച്ചറിയുന്നതിന് തീരത്ത് ബോർഡുകൾ സ്ഥാപിക്കണം
2. പൊഴി മുറിയുമ്പോൾ തീരം രണ്ടാകും. രണ്ട് ഭാഗത്തു നിന്നും ആൾക്കാർ അപകട മേഖലയിലേക്ക് പോകാതിരിക്കാൻ വടം കെട്ടി തിരിക്കണം
3. അത്യാവശ്യം ചുവന്ന കൊടിയെങ്കിലും നാട്ടണം
4. പൂവാർ,പൊഴിയൂർ ഭാഗങ്ങളിൻ ലൈഫ്ഗാർഡുകളുടെ സേവനം ഉറപ്പുവരുത്തണം
5. സഞ്ചാരികളുടെ സുരക്ഷയ്ക്ക് പൊലീസ് പട്രോളിംഗ് ശക്തമാക്കണം
6. ലൈഫ് ജാക്കറ്റ് ധരിച്ച് മാത്രമേ ബോട്ടുകളിൽ യാത്ര അനുവദിക്കാവൂ.
7. തീരത്ത് കൂടുതൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണം
** സേവനം ഉറപ്പാക്കണം
അപകടം ഉണ്ടാകുമ്പോൾ പൂവാർ ഭാഗത്ത് ആയിരിക്കും ലൈഫ് ഗാഡുകൾ ഉണ്ടാവുക. അവർ ഓടിയെത്തുമ്പോഴേക്കും അപകടം പൂർണമാകും. ആയതിനാൽ പൂവാർ, പൊഴിയൂർ ഭാഗങ്ങളിൻ ലൈഫ്ഗാഡുകളുടെ സേവനം ഉറപ്പുവരുത്തേണ്ടതുണ്ട്. യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിൽ ബീച്ചിൽ കറങ്ങി നടക്കുന്ന നാട്ടുകാരല്ലാത്തവർ ഏറെയാണ്. ഇതിനായി കൂടുതൽ ആൾക്കാർ എത്തുന്ന വൈകിട്ട് 4 മുതൽ 6 വരെ പൊലീസ് പെട്രോളിംഗ് ഏർപ്പെടുത്തണം. തീരത്ത് സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കണം. കോസ്റ്റൽ പൊലീസ് സ്റ്റേഷനു മുന്നിൽ ടവർ ലൈറ്റ് സ്ഥാപിക്കണം. തുടങ്ങിയ കാര്യങ്ങൾ അടിയന്തരമായി നടപ്പാക്കിയാൽ അപകടങ്ങൾ കുറയ്ക്കാനാകും.
സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നതോടൊപ്പം തീരത്ത് ടോയ്‌ലെറ്റ് സൗകര്യം ഏർപ്പെടുത്തണം. ടൂറിസ്റ്റുകളായി എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ആശ്വാസമാകും.
-സുരേഷ്, പൊഴിക്കര കാണാനെത്തിയ കരമന സ്വദേശി