പഴയങ്ങാടി: നെൽകൃഷി സജീവമായതോടെ പാടങ്ങൾക്ക് സമീപത്തെ തെങ്ങുകളിൽ കൂടൊരുക്കാൻ തൂക്കണാം കുരുവികൾ എത്തി തുടങ്ങി. കാറ്റിലാടുന്ന ഒട്ടേറെ കൂടുകളാണ് ചെറുകുന്ന്, ഏഴോം പ്രദേശങ്ങളിലെ ഉയരമുള്ള തെങ്ങുകളിലെ പട്ടകളിലുള്ളത്. ചെറിയ ശബ്ദമുണ്ടാക്കി കൂട് ഉണ്ടാക്കുന്ന പ്രകൃതിയുടെ നെയ്ത്തുകാരായ തൂക്കാണാം കുരുവികൾ ആശ്ചര്യവും ഒപ്പം കൗതുകവുമാണ്. കുരിയാറ്റ, ആറ്റക്കുരുവി എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവയ്ക്ക് നെൽമണിയോടാണ് ഏറെ പ്രിയം.
തരിശിട്ട പ്രദേശങ്ങളിൽ നിന്ന് കുരുവികൾ കൂട്ടത്തോടെ പലായനം ചെയ്ത് കൃഷിയിടങ്ങൾക്ക് സമീപത്തെ തെങ്ങുകളിലാണ് കൂട് ഉണ്ടാക്കി കഴിയുന്നത്. നെല്ലോലകൾ കൊണ്ട് നെയ്‌തെടുക്കുന്ന നീളവും ഉറപ്പുള്ളതും ഒരു പരിധിവരെ മഴ നനയാത്തതുമാണ് കൂടുകൾ. ഇവ ഒന്നിലധികം ഇണകളെ സ്വീകരിക്കും. ആൺ പക്ഷിയാണ് കൂട് നിർമ്മിക്കുന്നത്. 2000ത്തോളം നാരുകൾ കൂട് നിർമ്മാണത്തിനായി ശേഖരിക്കും.
പെൺപക്ഷി കൂട് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പരിശോധനക്കായി എത്തും. കൂട് നിർമ്മാണത്തിൽ എന്തെങ്കിലും അപാകത കണ്ടാൽ പെൺകുരുവി പിന്നീട് ആ കൂട്ടിലേക്ക് തിരിച്ച് വരില്ല. ഒരു കൂട് നിർമ്മിക്കാൻ ആൺപക്ഷി എടുക്കുന്ന സമയം നാല് മുതൽ അഞ്ചു ആഴ്ച വരെയാണ്. കൂട് സ്വീകരിച്ച് കഴിഞ്ഞാൽ ആൺപക്ഷി പെൺപക്ഷിയെ ഉപേക്ഷിച്ച് പോയി വേറൊരു പെൺപക്ഷിക്ക് കൂട് ഒരുക്കി തുടങ്ങും. ഒന്ന് മുതൽ അഞ്ചു വരെ കൂടുകളാണ് ഇങ്ങനെ ആൺപക്ഷി ഒരു വർഷത്തിൽ പെൺപക്ഷികൾക്ക് വേണ്ടി നിർമ്മിക്കുന്നത്.
പ്രശസ്ത പക്ഷിനിരീക്ഷകൻ സലിം അലി ഏറ്റവും കൂടുതൽ ഗവേഷണം നടത്തിയത് തൂക്കണാം കുരുവികളുമായി ബന്ധപ്പെട്ടാണ്. ആൺപക്ഷിക്ക് മഞ്ഞയും മണ്ണിന്റെ നിറവും കലർന്ന തൂവലും തലയിൽ മഞ്ഞ നിറത്തിലുള്ള കിരീടവും ഉണ്ടാകും. പെൺപക്ഷിക്ക് മണ്ണിന്റെ നിറമുള്ള തൂവലാണ് ഉണ്ടാവുക. പ്രജനന കാലത്ത് ആൺപക്ഷികളുടെ ശരീരം തിളങ്ങി ആകർഷകമായി തീരും.