വർക്കല: മഹാത്മാഗാന്ധിയെ നേരിൽക്കണ്ട് അനുഗ്രഹം വാങ്ങിയ തച്ചോട് ബാലസദനത്തിൽ പി. ബാലകൃഷ്ണനെ എൻ.സി.പി വർക്കല നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. 1934ലാണ് അന്ന് ഏഴുവയസുകാരനായിരുന്ന ബാലകൃഷ്ണന് ഗാന്ധിജിയുടെ അനുഗ്രഹം ലഭിച്ചത്. മൂന്ന് പ്രാവശ്യം മഹാത്മാഗാന്ധി വർക്കല സന്ദർശിച്ചിട്ടുണ്ട്. പ്രാലേയഗിരി പട്ടികജാതി കോളനിയുടെ ശിലാസ്ഥാപനത്തിനായിരുന്നു അവസാന സന്ദർശനം. അന്നാണ് ബാലകൃഷ്ണന് മഹാത്മജിയെ നേരിട്ടുകാണാൻ അവസരമുണ്ടായത്. യോഗം നടന്ന സ്ഥലത്തെ സ്റ്റേജിനു മുൻവശത്ത് ഒതുങ്ങിനിൽക്കുകയായിരുന്ന ബാലകൃഷ്ണനടക്കമുളള കുട്ടികളെ ഗാന്ധിജി അടുത്തേക്ക് വിളിച്ചു. എല്ലാവർക്കും ഓരോ നാരങ്ങവീതം നൽകി അനുഗ്രഹിക്കുകയും ചെയ്തു. തൊണ്ണൂറ്റിയഞ്ചുകാരനായ ബാലകൃഷ്ണൻ ആ ധന്യനിമിഷത്തിന്റെ ഓർമ്മയിലാണ് ഇന്നും ജീവിക്കുന്നത്.
അടുത്തിടെ വീണ് കാലിന് പരിക്കുപറ്റിയതൊഴിച്ചാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. വിളബ്ഭാഗം ആശാൻ മെമ്മോറിയൽ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ പഠിപ്പുമുടക്കി സ്വാതന്ത്റ്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്. ജോലി തേടി സിംഗപ്പൂരിലെത്തിയപ്പോൾ അവിടെ ശ്രീനാരായണസമാജം സെക്രട്ടറിയായും പ്രവർത്തിച്ചു. എൻ.സി.പി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ. വർക്കല ബി. രവികുമാറാണ് ബാലകൃഷ്ണനെ വസതിയിലെത്തി ആദരിച്ചത്. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എസ്. സുനിൽ, വർക്കല ബ്ലോക്ക് പ്രസിഡന്റ് എൻ. ശക്തിധരൻ, ജെ. സുരേഷ്ലാൽ, ഗ്രാമപഞ്ചായത്തംഗം അഭിരാജ്, ബി. ശിവപ്രസാദ്, എ. സുരേഷ്, സി.എസ്. മോഹൻ എന്നിവരും പങ്കെടുത്തു.