തിരുവനന്തപുരം: പാരിപ്പള്ളി കടമ്പാട്ടുകോണത്തു നിന്ന് ചടയമംഗലം, കുളത്തൂപ്പുഴ വഴി ചെങ്കോട്ടയിലെത്തുന്ന 58.95 കിലോമീറ്റർ ഗ്രീൻഫീൽഡ് ദേശീയപാതയുടെ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകിയതായി മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. അലൈൻമെന്റ് പുനഃപരിശോധിക്കണമെന്ന് സർക്കാരിന് ലഭിച്ച പരാതികളിൽ ന്യായമുണ്ടെന്നാണ് കണ്ടെത്തിയത്. എന്നാൽ അലൈൻമെന്റ് നിശ്ചയിച്ചത് ദേശീയപാതാ അതോറിട്ടിയും മാറ്റം വരുത്തേണ്ടത് കേന്ദ്രസർക്കാരുമാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ സ്ഥലമെടുപ്പിന് ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കലിന്റെയും നഷ്ടപരിഹാരം നൽകുന്നതിന്റെയും ആശങ്കകൾ അകറ്റുമെന്നും പി.എസ്. സുപാലിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.