തിരുവനന്തപുരം: കൂത്തുപറമ്പ് ബയോ റിസോഴ്സ് കം അഗ്രോ സർവീസ് സെന്റർ നടത്തുന്ന അഗ്രോ പ്രോസസിംഗ് ആൻഡ് വാല്യു അഡീഷൻ, ആനിമൽ ന്യൂട്രീഷ്യൻ ഡിപ്ലോമ കോഴ്സുകൾക്ക് പി.എസ്.സി അംഗീകാരം ഉറപ്പാക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. ഈ കോഴ്സുകളിൽ 69വിദ്യാ‌ർത്ഥികൾ പഠിച്ചിറങ്ങിയെങ്കിലും കാർഷിക, വെറ്ററിനറി സർവകലാശാലകളുടെ അംഗീകാരമില്ലാത്തതിനാൽ സർട്ടിഫിക്കറ്റ് നൽകാനായിട്ടില്ല. ഇവർക്ക് കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകും. അസാപ്പിൽ ഉൾപ്പെടുത്തി കോഴ്സുകൾക്ക് അംഗീകാരം നേടാൻ ശ്രമിക്കുമെന്നും കെ.പി.മോഹനന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.