santha

തിരുവനന്തപുരം: നാല് ലക്ഷം രൂപയും എട്ട് പവൻ സ്വർണവും കാണാതായതിന് പിന്നാലെ വീട്ടുമുറ്റത്തെ കിണറ്റിൽ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞില്ല. വെങ്ങാനൂർ വെണ്ണിയൂർ നെടിഞ്ഞൽ ചരുവിള വീട്ടിൽ ശാന്തയെ (63) ആണ് വെളളിയാഴ്ച ഉച്ചയോടെ വീട്ടുമുറ്റത്തെ 80 അടിയിലേറെ താഴ്‌ചയുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശാന്തയുടേത് മുങ്ങി മരണമാണെന്ന് പോസ്‌റ്റുമോർട്ടത്തിൽ പ്രാഥമികമായി കണ്ടെത്തിയെങ്കിലും തലയ്‌ക്ക് പിന്നിൽ കാണപ്പെട്ട മുറിവും വീട്ടിൽ നിന്ന് സ്വർണവും പണവും കാണാതായെന്ന കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തലുമാണ് സംഭവത്തിൽ ദുരൂഹമായി അവശേഷിക്കുന്നത്. ഇവരുടെ പക്കലുണ്ടായിരുന്ന പണവും സ്വർണാഭരണങ്ങളും കാണാതെ പോയതിന് പുറമേ വീടിനുള്ളിൽ രക്തത്തുള്ളികൾ കണ്ടെത്തിയതും സംശയങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. സ്വർണമോ പണമോ അപഹരിക്കാൻ വേണ്ടി ശാന്തയെ ആരെങ്കിലും അപായപ്പെടുത്തി കിണറ്റിൽ തള്ളിയതാണോയെന്ന സംശയം പൊലീസിന് ഇപ്പോഴും നിലനിൽക്കെ മുങ്ങിമരണമാണെന്ന കാരണമാണ് അന്വേഷണ സംഘത്തെയും വട്ടം ചുറ്റിക്കുന്നത്. കവർച്ച ലക്ഷ്യം വച്ച് ആരെങ്കിലും ശാന്തയുടെ തലയ്‌ക്കടിച്ചശേഷം അബോധാവസ്ഥയിലായ അവരെ മരിച്ചെന്ന് കരുതി കിണറ്റിൽ ഉപേക്ഷിച്ചതാണോയെന്നും സംശയിക്കുന്നുണ്ട്. എന്നാൽ പുറമേ നിന്നാരുടെയെങ്കിലും സാന്നിദ്ധ്യം സംഭവദിവസം വീട്ടിലുണ്ടായിരുന്നതായി വിശ്വസിക്കാവുന്ന യാതൊരു തെളിവുകളും പൊലീസിന് ഇനിയും ലഭിച്ചിട്ടുമില്ല.

 സംശയം വെറുതെയായി

ആഭരണവും പണവുമായി ശാന്ത കിണറ്റിൽ ചാടി ആത്മഹത്യചെയ്തതായിരിക്കാമെന്ന സംശയത്തിൽ പൊലീസ് കിണർ വറ്റിച്ച് പരിശോധിച്ചെങ്കിലും പണമോ ആഭരണങ്ങളോ കണ്ടെത്താനായില്ല. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സിനെ വരുത്തി വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ കിണർ വെള്ളം വറ്റിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മകൾ ബിന്ദു, മകളുടെ ഭർത്താവ് സജു, ചെറുമകൻ എന്നിവർക്കൊപ്പമാണ് ശാന്ത വീട്ടിൽ കഴിഞ്ഞിരുന്നത്. സംഭവ ദിവസം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പുറത്തുപോയ മകൾ ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് മാതാവിനെ കാണാനില്ലെന്നത് ശ്രദ്ധയിൽപെട്ടത്.തുടർന്ന് നടത്തിയ തെരച്ചിലിലാണ് മുറ്റത്തെ കിണറിൽ ശാന്തയുടെ മൃതദേഹം കണ്ടെത്തിയത്.

 തലയിലെ മുറിവും രക്തക്കറയും ദുരൂഹം

ആശുപത്രിയിലെത്തിച്ചപ്പോൾ തലയിലെ മുറിവ് കണ്ട ഡോക്ടറുടെ നിർദേശാനുസരണം വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് പണവും സ്വർണവും നഷ്ടപ്പെട്ടത് അറിഞ്ഞതെന്നാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. എന്നാൽ തലയിലെ മുറിവും, വീടിന്റെ മുറിയിലും വരാന്തയിലും കണ്ട രക്തക്കറയും ദുരൂഹത ഉയർത്തിയതോടെ വിരലളയാള വിദഗ്ദ്ധരും ഫോറൻസിക് വിഭാഗവുമെത്തി തെളിവുകൾ ശേഖരി

ക്കുകയായിരുന്നു.ശാന്തയുടെ മരണം ദുരൂഹമായി തുടരുകയും ബന്ധുക്കളും വീട്ടുകാരും സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംഭവത്തിൽ വിശദമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ശാന്തക്കില്ലെന്ന് വീട്ടുകാർ ആവർത്തിക്കുന്ന സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. തൊട്ടടുത്തെങ്ങും വീടുകളില്ലാത്തതും അന്വേഷണത്തിന് തെളിവായേക്കാവുന്ന വിധത്തിലുള്ള കാമറ ദൃശ്യങ്ങളോ മറ്റ് തെളിവുകളോ കണ്ടെത്താനാകാത്തതുമായ സാഹചര്യത്തിൽ ശാന്തയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ , പണം ഇടപാടുകൾ എന്നിവയെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി ദുരൂഹതകളുടെ ചുരുൾ നിവർത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ഫോർട്ട് അസി.കമ്മിഷണർ എസ്. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.