class

തിരുവനന്തപുരം: ഒന്നരവർഷത്തിനുശേഷം കോളേജുകളും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സ്ഥാപനങ്ങളും ഹോസ്റ്റലുകളും ഇന്നലെ തുറന്നു. ആദ്യഘട്ടമായി ബിരുദ കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റർ, ബിരുദാനന്തര ബിരുദ കോഴ്സുകളുടെ മൂന്ന്, നാല് സെമസ്റ്റർ വിദ്യാർത്ഥികളാണ് കോളേജുകളിലെത്തിയത്. ഏറെക്കാലത്തിനു ശേഷം സഹപാഠികളെ കണ്ട സന്തോഷത്തിലായിരുന്നു എല്ലാവരും. ശരീരോഷ്മാവ് പരിശോധിച്ചും സാനി​റ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധമാക്കിയുമാണ് പ്രവേശനം. കുട്ടികളും അദ്ധ്യാപകരും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. മന്ത്റി ആർ. ബിന്ദു തിരുവനന്തപുരം വിമൻസ് കോളേജിലെത്തി കുട്ടികളുമായി ആശയവിനിമയം നടത്തി.

അവസാന വർഷ പി.ജി ക്ലാസുകളിലെ മുഴുവൻ കുട്ടികളെയും ബിരുദ ക്ലാസുകളിൽ പകുതി വീതം കുട്ടികളെയും ഉൾപ്പെടുത്തിയാണ് ക്ലാസ്. ആഴ്ചയിൽ 25 മണിക്കൂർ ക്ലാസുണ്ടായിരിക്കും. 18ന് മ​റ്റ് ക്ലാസുകൾ കൂടി ആരംഭിക്കും. വിദ്യാർത്ഥികൾ കൂട്ടംകൂടുന്നതിനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർ കോളേജുകളിൽ പോകരുത്, പുസ്തകങ്ങൾ, കുടിവെള്ളം, ഭക്ഷണം എന്നിവ കൈമാറാൻ പാടില്ല. ഒരു വിദ്യാർത്ഥി പരമാവധി 5 മണിക്കൂർ മാത്രം കോളേജിൽ ചെലവിടുന്ന രീതിയിലാണ് ക്ലാസുകൾ. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകൾക്ക് പ്രാധാന്യം നൽകും. എൻജിനിയറിംഗ് കോളേജുകളിൽ നിത്യേന 6മണിക്കൂറാണ് ക്ലാസ്.

'കോളേജുകൾ തുറന്നെങ്കിലും ഓൺലൈൻ ക്ലാസുകൾ തുടരും. എല്ലാ കോളേജുകളിലും കൗൺസലിംഗ് കേന്ദ്രങ്ങളും ഓറിയന്റേഷൻ ക്ലാസുകളും നടത്തും".

- ആർ. ബിന്ദു, ഉന്നത വിദ്യാഭ്യാസ മന്ത്രി