rahul

വെഞ്ഞാറമൂട്: കന്യാകുളങ്ങരയിൽ കഴിഞ്ഞദിവസമുണ്ടായ അപകടത്തിൽ മരിച്ച രാഹുലിന്റെ ആകസ്‌മിക വേർപാടിൽ തളർന്ന് കുടുംബം. വെഞ്ഞാറമൂട് ആലന്തറ ഉല്ലാസ് നഗറിൽ നീർച്ചാൽ കോളനിയിൽ കൽപ്പണിക്കാരൻ രാജുവിന്റെയും തൊഴിലുറപ്പു തൊഴിലാളിയായ ബിന്ദുവിന്റെയും മകൻ രാഹുൽ ഞായറാഴ്ച രാത്രി 10.30ന് കന്യാകുളങ്ങര പെട്രോൾ പമ്പിന് സമീപത്തുണ്ടായ അപകടത്തിലാണ് മരിച്ചത്. കുടുംബത്തിന്റെ അത്താണിയെയാണ് ഇവർക്ക് നഷ്ടമായത്.

രാഹുലിന്റെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച ബൈക്കിലുണ്ടായിരുന്ന വേറ്റിനാട് ഇടുക്കുംതല സ്വദേശി അഭിഷേകും (22) മരിച്ചു. രാഹുലിന്റെ സുഹൃത്തായ അനന്തുവിന് അപകടം പറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നെന്ന് മറ്റൊരു സുഹൃത്ത് വിളിച്ചറിയിച്ചതിനെ തുടർന്ന് രാഹുലും ബന്ധു അരുണും കന്യാകുളങ്ങര ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കോളനിയിലെ അഞ്ച് സെന്റ് ഭൂമിയിൽ തണൽ ഭവന പദ്ധതിയിൽ ലഭിച്ച വീട്ടിൽ കഴിയുന്ന കുടുംബത്തിന്റെ പ്രതീക്ഷ രാഹുലിലായിരുന്നു. സഹോദരി: രാജി.