vem

വെമ്പായം: മണ്ണന്തല മുതൽ ജില്ലാതിർത്തിയായ വാഴോട് വരെയുള്ള 35 കിലോമീറ്റർ സംസ്ഥാന പാതയിൽ ഞായറാഴ്ച മാത്രം നടന്ന അപകടങ്ങൾ അഞ്ച്, മരണം 4, ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് ഒൻപതോളം പേർ.

കൊവിഡിന്റെ ഇളവുകളും ഞായറാഴ്ച അവധിയുമൊക്കെയായി സംസ്ഥാന പാത നല്ല തിരക്കിലുമായിരുന്നു. വൈകിട്ടായതോടെ അപകടങ്ങളുടെ ഒരു പെരുമഴ തന്നെ നടന്നു. വൈകിട്ട് 5.10ന് സംസ്ഥാന പാതയിൽ മണ്ണന്തല വയമ്പാച്ചിറ കുളത്തിന് സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ജെ .ദീപ്തു (34), വിഷ്ണു ശങ്കർ (27) എന്നീ യുവാക്കൾ മരിച്ചു. മണിക്കൂറുകൾക്കകം കിളിമാനൂർ മണലത്തു പച്ചയിൽ തടി കയറ്റി വരുകയായിരുന്ന ലോറിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാർ യാത്രികരായ രാജേഷ് (43), വിനോദ് (43), അജിത് (43), ബിജു (43) എന്നിവരെ ഗുരുതര പരിക്കുകളോടെ ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചു. രാത്രി 10ഓടെ വെമ്പായം കന്യാകുളങ്ങരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അഭിഷേക് (22), രാഹുൽ (23) എന്നിവർ മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ സംസ്ഥാന പാതയ്ക്ക് സമീപം പൂലന്തറയിൽ കാർ അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്കേറ്റു. അപകടത്തിൽ മരിച്ച നാല് പേരും ചെറുപ്പക്കാരാണ്. അമിത വേഗതയാണ് അപകടങ്ങൾക്ക് കാരണം എന്നു പറയുമ്പോഴും വെമ്പയം മുതൽ മണ്ണന്തല വരെയുള്ള സംസ്ഥാന പാതയുടെ അവസ്ഥ വളരെ പരിതാപകരമാണ്. ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഈ പ്രധാന സംസ്ഥാന പാതയിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നിട്ട് കാലങ്ങളാകുന്നു. കൊടും വളവും, റോഡിന്റെ വീതി കുറവും, അപകടസ്ഥലങ്ങളിൽ സിഗ്നൽ ഇല്ലായ്മയും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. തിരുവനന്തപുരം നഗരത്തിനോട് ചേർന്ന് കിടന്നിട്ടും ഗ്രാമീണ റോഡുകളുടെ നിലവാരം പോലും ഈ റോഡിനില്ലെന്നാണ് ആക്ഷേപം.