 ആശങ്കയോടെ ജനം നഗരസഭയിലേക്ക്

തിരുവനന്തപുരം: നഗരസഭയിൽ നികുതിപ്പണം വെട്ടിച്ചെന്ന പേരിൽ സമരം നടക്കുന്നതിനിടെ നികുതി അടച്ചിട്ടും കുടിശികയുണ്ടെന്നറിഞ്ഞ് നിരവധി പേർ നഗരസഭയിലെത്തി. ഇന്നലെ 45 പേർ വിവിധ നികുതി അടച്ചതിന്റെ പരാതി ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരെ സമീപിച്ചു. പലരും വീട്ടുകരം അടച്ചെങ്കിലും കുടിശികയുണ്ടെന്നാണ് കാണിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങൾക്ക് വീട്ടുനികുതി മുതലായവ ചിട്ടപ്പെടുത്തുന്നതിനായി രൂപീകരിച്ച സാംഖ്യ സോഫ്റ്റ്‌വെയറിലെ അപ്ഡേഷന്റെ തകരാർ കാരണമാണ് ഈ പ്രശ്‌നമുണ്ടായതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

ചെറുവയ്‌ക്കൽ സ്വദേശി സദാശിവൻ ഇത്തരത്തിലുള്ള പ്രശ്‌നവുമായാണ് ഇന്നലെ നഗരസഭയിലെത്തിയത്. നികുതി കൃത്യമായി അടച്ചിരുന്ന സദാശിവൻ നഗരസഭയിലെത്തി പരിശോധിച്ചപ്പോഴാണ് കുടിശികയുണ്ടെന്ന് അധികൃതർ അറിയിച്ചത്. 648 രൂപ സ്ഥിരമായി അടച്ചിരുന്ന സദാശിവന് 2017ന് മുതലുള്ള കുടിശിക 2700 രൂപയാണ്. താൻ നികുതി അടച്ച രസീത് കാണിച്ചെങ്കിലും അധികൃതർ കൈയൊഴിഞ്ഞു. വീണ്ടും തുക അടയ്ക്കേണ്ടി വരുന്നത് സാമ്പത്തിക പ്രയാസമുണ്ടാക്കുന്നതിനാൽ പരാതി നൽകാനൊരുങ്ങുകയാണ് സദാശിവൻ.

ഐ.എസ്.ആർ.ഒ മുൻ ഉദ്യോഗസ്ഥനായ പൂജപ്പുര സ്വദേശി ജനാർദ്ദനനും സമാനമായ പരാതിയുണ്ട്. നികുതി അടച്ചെങ്കിലും ഇപ്പോൾ കുടിശിക കാണിക്കുന്നത് 9700 രൂപയാണ്. സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും മറുപടിയില്ല. നികുതി അടച്ചിട്ടും 11,​000 രൂപ കുടിശികയുമായി ചെറുവയ്ക്കൽ സ്വദേശി സന്ധ്യാ ഉദയനും പരാതിയുമായെത്തി.

വീണ്ടും നികുതി അടപ്പിക്കുന്നു

നികുതി അടച്ചവർക്ക് കുടിശികയുണ്ടെന്നത് പരിശോധിക്കാൻ രസീതുമായി എത്തിയാലും ഉദ്യോഗസ്ഥർ വീണ്ടും നികുതി അടപ്പിച്ചതായി പലരും പരാതി ഉന്നയിച്ചു. രസീത് കാണിച്ചെങ്കിലും തീയതിയിലെ പിഴവാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. 30,​000 മുതൽ 50,​000 വരെ ഭീമമായ തുക അടച്ചവരും ഇക്കൂട്ടത്തിലുണ്ട്. മാസങ്ങളായുള്ള സോഫ്റ്റ്‌വെയറിന്റെ തകരാർ മുതലെടുത്ത് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തുകയാണോ എന്ന സംശയവുമുണ്ട്.