photo

ഇന്ന് ആഗോള പാലിയേറ്റീവ് കെയർ ദിനം

..............................


ആഗോള പാലിയേറ്റീവ് കെയർ ദിനം ഇന്ന് കടന്നുപോകുമ്പോഴും എന്താണ് പാലിയേറ്റീവ് പരിചരണമെന്ന് ആരോഗ്യമേഖലയിൽ ഉൾപ്പെടെയുള്ള പലർക്കും അറിയില്ല. 'ആരെയും പിന്തള്ളാതെ സാന്ത്വന പരിചരണ ലഭ്യതയിൽ തുല്യത ഉറപ്പാക്കിക്കൊണ്ട്' എന്നതാണ് ഈ വർഷത്തെ പ്രമേയം. ഇന്ത്യയിൽ പാലിയേറ്റീവ് കെയറിന്റെ പിതാവ് ഡോ. എം.ആർ. രാജഗോപാലാണെന്ന് ഗൂഗിൾ മാസ്റ്റർ പറയുമ്പോഴും വിനയാന്വിതനായി അദ്ദേഹം തന്നെ ഈ അടുത്തകാലത്ത് അത് നിഷേധിച്ചിട്ടുണ്ട്. ഇന്ത്യയിൽ പാലിയേറ്റീവ് കെയറിന്റെ പിതാവ് ഡോ. ലൂസിറ്റോഡി സൂസയാണെന്ന് ലോകം ഇന്ന് തിരിച്ചറിയുന്നു.
മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ കരിക്കുലത്തിൽ നിന്ന് അറിഞ്ഞോ അറിയാതെയോ വിട്ടുപോയ അദ്ധ്യായമാണ് പാലിയേറ്റീവ് കെയർ. പത്മശ്രീ ഡോ.എം.ആർ. രാജഗോപാലിന്റെയും കൂട്ടരുടെയും അശ്രാന്ത പരിശ്രമത്തിനൊടുവിൽ ഇപ്പോൾ മെഡിക്കൽ വിദ്യാഭ്യാസ സിലബസിൽ പാലിയേറ്റീവ് കെയറിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടുത്താൻ തീരുമാനമായിട്ടുണ്ടെന്നത് ശുഭോദർക്കമാണ്. അതുപോലെ സാർവത്രിക ആരോഗ്യ പരിരക്ഷാദിനമായ 2019 ഡിസംബർ 12ന് ഒരു ദിവസം മുമ്പ് പുതുക്കിയ പാലിയേറ്റീവ് നയം പ്രഖ്യാപിക്കപ്പെട്ടു എന്നതും ഈ രംഗത്തെ കുതിച്ചുചാട്ടം തന്നെയായിരുന്നു.
കേരളത്തിൽ മഴയ്ക്ക്‌ ശേഷമുള്ള തകര പോലെയാണ് പാലിയേറ്റീവ് കെയർ കേന്ദ്രങ്ങളും കാരുണ്യ കേന്ദ്രങ്ങളും വൃദ്ധസദനങ്ങളും പെരുകുന്നത്. കണ്ണീരുപ്പ് വിറ്റ് കാരുണ്യം കാശാക്കുന്ന പ്രസ്ഥാനങ്ങളാണേറെയും. നല്ല പാലിയേറ്റീവ് കേന്ദ്രങ്ങളുമുണ്ട്. സുഖദമായ വൃദ്ധസദനങ്ങൾ പാവങ്ങൾക്ക് ഇന്നും അന്യമാണല്ലോ. നിയതമായ പാലിയേറ്റീവ് നയങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന പാലിയേറ്റീവ് കേന്ദ്രങ്ങൾ വഴി രോഗിയുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പുതിയ പുലരികൾ വിരിയുന്നുമുണ്ട്. അവരുടെ സാന്ത്വനസ്പർശത്തിൽ വേദന ലഹരിയാക്കുന്ന രോഗി ഒരു പൂവിരിയുന്നതുപോലെ പുഞ്ചിരിക്കാൻ തുടങ്ങുന്നു. സുഖദുഃഖങ്ങളുടെ ഘോഷയാത്രക്കിടയിൽ കണ്ടുമുട്ടുന്ന ആരുമല്ലാതിരുന്ന സാന്ത്വന പരിചാരകർ രോഗിക്ക് എല്ലാമെല്ലാമായി മാറുന്നു.
'പാലിയം' എന്ന വാക്കിന് 'കവചം' എന്നർത്ഥം കൊടുക്കാം. രോഗിയുടെയും കുടുംബത്തിന്റെയും ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ സമ്പൂർണ പരിചരണമാണ് ഈ ശാസ്ത്ര സാന്ത്വന സമന്വയം. ആധുനിക വൈദ്യശാസ്ത്രം ശരീരശാസ്ത്രത്തിലൂന്നിയുള്ള ശാരീരിക രോഗങ്ങൾക്കാണല്ലോ പ്രാമുഖ്യം നൽകുന്നത്. രോഗിയേക്കാൾ രോഗത്തിനാണ് അവർ പ്രാധാന്യം നൽകുന്നത്.

രോഗിയുടെ മരണമടുക്കുമ്പോഴും വാർദ്ധക്യത്തിലും മാത്രം ചെയ്യാനുള്ളതാണ് സാന്ത്വന പരിചരണമെന്നതും വെള്ളംപോലും നൽകാതെയുള്ള ദയാവധമാണിതെന്നും വിശ്വസിക്കുന്നവർ ആരോഗ്യരംഗത്തു പോലുമുണ്ട്. യഥാർത്ഥത്തിൽ രോഗനിർണയ സമയം മുതൽ രോഗചികിത്സയോടൊപ്പം സാന്ത്വന പരിചരണവും ആരംഭിക്കണം. ഇന്റൻസീവ് കെയർ യൂണിറ്റിൽ കിടക്കേണ്ടി വരുന്നവരുടെ വേദനയ്ക്കും ശ്വാസം മുട്ടിനും ഭയത്തിനും മാനസിക വിഭ്രാന്തിക്കും ആശ്വാസം നൽകാനുള്ള ഉപാധികൾ ഇന്ന് പാലിയേറ്റീവ് കെയറിലുണ്ട്. പക്ഷേ അത് ഡോക്ടറുടെ അദ്ധ്യയനത്തിന്റെ ഭാഗമായിട്ടില്ലെന്നേയുള്ളൂ.
പാലിയേറ്റീവ് കെയർ രോഗിയെത്തേടിയെത്തുന്ന തലത്തിലെത്തിക്കാൻ നമുക്കിനിയുമായിട്ടില്ല. ആവശ്യമുള്ളതിന്റെ രണ്ടുശതമാനം പേർക്കു മാത്രമേ ഇന്നും പാലിയേറ്റീവ് കെയർ ലഭ്യമാകുന്നുള്ളൂ എന്നതാണ് ദുഃഖസത്യം. അന്തസോടെ ജീവിതവും അന്തസോടെ മരണവും ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു; അത് ഔദാര്യമല്ല അവകാശമാണ് എന്ന തിരിച്ചറിവിന്റെ തീപ്പൊരി അഗ്നിനാളമായി പടരുകതന്നെ ചെയ്യും. ഒരു രോഗിയുടെ മരണത്തോടെ പാലിയേറ്റീവ് കെയർ അവസാനിക്കുന്നില്ല. മറിച്ച് കുടുംബാംഗങ്ങൾക്ക് താങ്ങായി, തണലായി അത് തുടർന്നുകൊണ്ടേയിരിക്കും. 'നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങളും ഒപ്പമുണ്ട്' എന്നുപറയുമ്പോൾ ഉണ്ടാകുന്ന ആത്മവിശ്വാസമുണ്ടല്ലോ അത് രോഗിക്ക് ഉറവ വറ്റാത്ത ആത്മധൈര്യമാണ് പകരുന്നത്. സാന്ത്വനത്തിന്റെ പുലരികൾക്ക് പൂക്കാതിരിക്കാനാവില്ലല്ലോ.

(ലേഖകൻ പാലിയേറ്റീവ് വോളന്റീയറാണ് ഫോൺ - 9447324846)