ബാലരാമപുരം: ബാലരാമപുരം പഞ്ചായത്ത് റസിഡന്റ്സ് വെൽഫെയർ സഹകരണസംഘത്തിൽ നാലുകോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ നഷ്ടപ്പെട്ട പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സംഘം ഓഫീസിന് മുന്നിൽ ഇടപാടുകാരുടെ പ്രതിഷേധം. ഡെപ്പോസിറ്റ് തുക വ്യാജരേഖകൾ ചമച്ച് ബാങ്ക് ഭരണസമിതി തട്ടിയെടുത്തെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ബാലരാമപുരം എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമരക്കാരുമായി ചർച്ച നടത്തുകയും പരാതികൾ സ്വീകരിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്. നൂറിൽപ്പരം നിക്ഷേപകരുടെ നാലുകോടിയോളം രൂപയാണ് വ്യാജരേഖകൾ ചമച്ച് സംഘം ഭരണസമിതി തട്ടിയെടുത്തതായി പരാതിയുള്ളത്. സേവിംഗ്സ് നിക്ഷേപത്തിൽ 25 ലക്ഷം രൂപ ഡെപ്പോസിറ്റ് നൽകിയവരുമുണ്ട്. ഇവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഘത്തിൽ മൂന്ന് കോടി 94 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടത്.
സെക്രട്ടറിയെ പിരിച്ചുവിട്ടു
സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സംഘം സെക്രട്ടറി എം.എസ്. പ്രശാന്തിയെ അച്ചടക്ക ഉപസമിതി കൺവീനർ പിരിച്ചുവിട്ടിരുന്നു. നേരത്തെ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ സംഘത്തിൽ നിന്ന് 1.15 കോടി രൂപ തട്ടിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 2020 സെപ്തംബറിൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് തന്റെ പദവി ദുർവിനിയോഗം നടത്തി സംഘത്തിന്റെ മുഴുവൻ രേഖകളിലും തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സെക്രട്ടറിയെ പിരിച്ചുവിട്ടത്. സംഘം പ്രസിഡന്റ് വി. ബാബു, ഭരണസമിതി അംഗങ്ങളായ കെ. സുകുമാരൻ, ജി. ബിന്ദുലാൽ, ഡി. ശശികുമാർ എന്നിവർക്ക് തിരിമറിയിൽ പങ്കുള്ളതായാണ് അന്വേഷണത്തിൽ തെളിഞ്ഞത്. മുൻ ഭരണസമിതി അംഗങ്ങൾ ചേർന്ന് 3.94 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടിരിക്കുന്നത്.
ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി
സഹകരണ ചട്ടപ്രകാരമുള്ള ജാമ്യവ്യവസ്ഥകൾ പാലിക്കാതെയാണ് കോടിക്കണക്കിന് രൂപയുടെ എം.ഡി.എസും ലോണുകളും സംഘത്തിലൂടെ നൽകിയിരിക്കുന്നത്. മുൻ ഭരണസമിതി അംഗം സുകുമാരൻ, സെക്രട്ടറി പ്രശാന്തി എന്നിവർ ചേർന്ന് സഹകാരികൾ ജാമ്യമായി വച്ചിരുന്ന ബോണ്ടുകൾ, കടപ്പത്രങ്ങൾ, ചെക്കുകൾ, പ്രമാണങ്ങൾ എന്നിവ അപഹരിച്ചതിന്റെ സി.സി.ടിവി ദൃശ്യങ്ങളും ബാലരാമപുരം പൊലീസിന് കൈമാറിയിട്ടുണ്ട്.
കേന്ദ്രമന്ത്രിയുടെ വ്യാജ ലെറ്റർപാഡും
കേന്ദ്രമന്ത്രിയുടെ വ്യാജ ലെറ്റർപാഡും സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ പേരിലുള്ള മൂന്ന് കോടി രൂപയുടെ വ്യാജ ചെക്കും ഉപയോഗിച്ച് സംഘത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയതിന്റെ രേഖകളും സംഘം അഡ്മിനിസ്ട്രേറ്റ് കമ്മിറ്റി വിജിലൻസിന് കൈമാറി. സെക്രട്ടറിയുൾപ്പെടെ ഭരണസമിതിയിലെ മൂന്നുപേർ ഡൽഹിയിലേക്ക് അനധികൃത വിമാനയാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
കേരളാ ബാങ്ക് ശാഖയിലും തട്ടിപ്പ്
കേരളാ ബാങ്ക് ബാലരാമപുരം ശാഖയിൽ നിന്ന് സംഘത്തിന്റെ 0141201800012 നമ്പർ അക്കൗണ്ട് വഴി 2017 മാർച്ച് ഒന്ന് മുതൽ 2018 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ 44.74 ലക്ഷം രൂപ തട്ടിയെടുത്തതായും ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഘം രേഖകളിൽ വരവ് കാണിക്കാതെയായിരുന്നു തിരിമറി. സംഘം പ്രസിഡന്റ്, സെക്രട്ടറി എന്നിവർ ചേർന്ന് സഹകണചട്ടങ്ങൾ ലംഘിച്ച് എസ്.ബി.ഐ ബാലരാമപുരം ശാഖയിൽ നിന്ന് 2017 ഒക്ടോബർ 9നും ഡിസംബർ 13 നും 8 ലക്ഷം രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തി.