തിരുവനന്തപുരം: പലതവണ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാതിരുന്ന നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ രാജേഷിന് മൂന്നാം സബ് കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇന്ന് ഹാജരാക്കണമെന്നാണ് കോടതി നിർദ്ദേശം. കവർച്ചയ്ക്കിടെ പിടികൂടിയ പ്രതികളുടെ വിചാരണയ്ക്കാണ് അന്വേഷണച്ചുമതലയുണ്ടായിരുന്ന രാജേഷ് ഹാജരാകാതിരുന്നത്. 2013 നവംബർ ഏഴിനാണ് പോങ്ങുംമൂടിന് സമീപത്തുനിന്ന് ആയുധങ്ങളുമായി കവർച്ചയ്ക്കൊരുങ്ങിയ അഞ്ചംഗസംഘത്തെയാണ് ശ്രീകാര്യം എസ്.ഐയായിരുന്ന രാജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ശ്രീകാര്യം സ്വദേശികളായ വിഷ്ണു, രജിൻ എന്ന കിച്ചു, വിഷ്ണു, വിപിൻ, വിവേക് എന്നിവരാണ് പ്രതികൾ. കഴിഞ്ഞ വ്യാഴാഴ്ച പഴവങ്ങാടി ജംഗ്ഷനിൽ വാഹനം മാറ്റിയിടാൻ പറഞ്ഞ ട്രാഫിക് എ.എസ്.ഐയെ കൈയേറ്റം ചെയ്ത് അയാളുടെ ഫോൺ എറിഞ്ഞുടച്ചത് ഇതേ ഇൻസ്പെക്ടറാണ്. വാഹനം മാറ്റിയിടാൻ നിർദ്ദേശിച്ചപ്പോൾ പ്രകോപിതനായ രാജേഷ് അസഭ്യം പറയുന്നത് എ.എസ്.ഐ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചത്.