photo

പാലോട്: സ്വന്തമായി ഒരുപിടി മണ്ണെന്ന ചെറ്റച്ചൽ സമരഭൂമിയിലെ 96 വയസുള്ള ജാനകിഅമ്മയുടെ സ്വപ്നത്തിന് ഒടുവിൽ സർക്കാരിന്റെ പച്ചക്കൊടി. നടപടികളുടെ ഭാഗമായി റവന്യൂ, വനം വകുപ്പ്, ട്രൈബൽ ഡിപ്പാർട്ട്മെന്റ് അധികൃതർ ചെറ്റച്ചൽ സമരഭൂമിയിലെത്തി സ്ഥലപരിശോധന നടത്തി.

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന 2003 ഏപ്രിൽ 21നാണ്

ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ ചെറ്റച്ചൽ ഫാമിന്റെ ഉടമസ്ഥതയിലുള്ള 28 ഏക്കർ സ്ഥലത്ത് കുടിൽ കെട്ടി സമരം ആരംഭിച്ചത്. പതിനെട്ടുവർഷമായി സമരം നടത്തുന്ന ഇവർക്കാണ് സ്വന്തം ഭൂമിയെന്ന ആവശ്യം നിറവേറുന്നത്. വൈദ്യുതി ലഭിക്കാത്ത പ്രാഥമിക സൗകര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട 38 കുടുംബങ്ങളാണ് ഇവിടെ കുടിൽ കെട്ടിയിട്ടുള്ളത്. ചിമ്മിനി വിളക്കിലാണ് ഇവരുടെ ഓരോ രാത്രിയും കടന്നുപോകുന്നത്. രണ്ടുമാസത്തേക്ക് ഒരു ലിറ്റർ മണ്ണെണ്ണയാണ് ഇവർക്ക് ലഭിക്കുന്നത്. ഒന്നോ രണ്ടോ ആഴ്ചകൾ കഴിയുമ്പോൾ മണ്ണെണ്ണ തീരും. പിന്നെ ആശ്രയം ഡീസലും മെഴുകുതിരിയുമാണ്. ഇവരുടെ സമാനതകളില്ലാത്ത സമരപ്പോരാട്ടങ്ങൾക്കാണ് അവസാനമാകുന്നത്. എന്നാൽ ഉടമസ്ഥാവകാശം തങ്ങളുടെ പേരിലാക്കിയ രേഖ ലഭിക്കാൻ ഇനി എത്രനാൾ കാത്തിരിക്കണമെന്ന ആശങ്ക ഇവർക്കുണ്ട്. മാത്രമല്ല തങ്ങൾ അനുഭവിക്കുന്ന മറ്റ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതും ഇവരെ അലട്ടുന്നു.

സമാനതകളില്ലാത്ത ദുരിതം

മഴക്കാലമെത്തുമ്പോൾ സമരഭൂമിയിലെ ഒാരോ മനസുകളിലും ഭയത്തിന്റെ വെള്ളിടി വെട്ടും. ചോർന്നൊലിക്കുന്ന ടാർപോളിൻ മേഞ്ഞ കുടിലുകളിൽ പിഞ്ചുകുഞ്ഞുങ്ങളെ മാറോടടക്കി വീർപ്പമുട്ടിയാണ് ഇവിടത്തുകാർ കഴിഞ്ഞിരുന്നത്. അടച്ചുറപ്പുള്ള ഒരു കൊച്ചുവീടായിരുന്നു ഇവരുടെ ഏക സ്വപ്നം. ഓരോ കുടുംബങ്ങളും കൈവശം വച്ചിട്ടുള്ള ഭൂമിയിൽ കൃഷി ചെയ്തിട്ടുണ്ട്. പക്ഷേ വന്യമൃഗശല്യം കാരണം യാതൊരു പ്രയോജനവും കിട്ടാറില്ല. ഇതിനെല്ലാം ഉടൻ പരിഹാരമാകുമെന്ന വിശ്വാസത്തിലാണ് സമരഭൂമിയിലെ ജനങ്ങൾ.

പഠനവും വഴിമുട്ടുന്നു

സ്കൂൾ വിദ്യാർത്ഥികളായ നാലുപേരാണ് സമരഭൂമിയിൽ ഉള്ളത്.

എട്ടാം ക്ലാസ് വിദ്യാർത്ഥിനി ശ്യാമ, ഒൻപതാം ക്ലാസ് വിദ്യാർത്ഥി മനേഷ്, നാലാം ക്ലാസ് വിദ്യാർത്ഥി ലിജിൽ, പത്താം ക്ലാസ് വിദ്യാർത്ഥിനി അൻസി എന്നിവരാണത്. ഇവർക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യമില്ലാത്തതും മറ്റൊരു പ്രശ്നമാണ്. പഠന സഹായത്തിനായി പാലോട് ജനമൈത്രി പൊലീസ് നൽകിയ സോളാർ പ്രവർത്തനരഹിതമായിട്ട് ആറുമാസത്തോളമായി. പത്താം ക്ലാസ്സിൽ പഠിക്കുന്ന അൻസിക്കാകട്ടെ ഫോണില്ലാത്തതിനാൽ ഈ അദ്ധ്യയനവർഷം ഒരു ക്ളാസ് പോലും ലഭിച്ചിട്ടുമില്ല.