പാറശാല: നവരാത്രി പൂജകൾക്കായി തിരുവനന്തപുരത്തെത്തുന്ന വിഗ്രഹ ഘോഷയാത്രയ്ക്ക് അതിർത്തി പ്രദേശമായ കളിയിക്കാവിളയിൽ ആചാരപ്രകാരം സർക്കാരിന്റെയും ദേവസ്വം അധികൃതരുടെയും നേതൃത്വത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി.
മൂന്ന് പല്ലക്കുകളിലെത്തിച്ച വിഗ്രഹങ്ങൾക്ക് എം.എൽ.എമാരായ കെ. ആൻസലൻ, എം. വിൻസെന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, തമിഴ്നാട് ദേവസ്വം ജോയിന്റ് ഡയറക്ടർ ജ്ഞാനശേഖർ, നെയ്യാറ്റിൻകര തഹസീൽദാർ കെ. മുരളീധരൻ, വിളവങ്കോട് തഹസീൽദാർ വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ജില്ലാ പഞ്ചായത്ത് അംഗം വി.ആർ. സലൂജ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻ ഡാർവിൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ചുസ്‌മിത തുടങ്ങിയവരും സ്വീകരണ പരിപാടികളിൽ പങ്കെടുത്തു.
സ്വീകരണച്ചടങ്ങുകൾക്ക് അകമ്പടിയായി നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ കേരളത്തിന്റെയും തക്കല ഡിവൈ.എസ്.പി ഗണേശന്റെ നേതൃത്വത്തിൽ തമിഴ്നാടിന്റെയും പൊലീസ് സംഘങ്ങൾ സ്ഥലത്തുണ്ടായിരുന്നു. സ്വീകരണത്തിന് മുന്നോടിയായി തമിഴ്നാട് പൊലീസും സ്വീകരണച്ചടങ്ങുകളെ തുടർന്ന് കേരള പൊലീസിലെ അശ്വാരൂഢസേനയും ഗാർഡ് ഓഫ് ഓണർ നൽകി. ഘോഷയാത്ര രാവിലെ 11ഓടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രനടയിൽ എത്തിച്ചേർന്നു. വിഗ്രഹ ഘോഷയാത്രയ്ക്ക് നെയ്യാറ്റിൻകര ശ്രീകൃഷ്ണക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലും ഉണ്ണിക്കണ്ണൻ സേവാ സമിതിയുടെ നേതൃത്വത്തിലും സ്വീകരണം നൽകി. ഇന്ന് രാവിലെ നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടുന്ന വിഗ്രഹ ഘോഷയാത്ര 11ഓടെ കരമനയിൽ എത്തിച്ചേരും.
ഫോട്ടോ: നവരാത്രി പൂജകൾക്കായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിഗ്രഹ ഘോഷയാത്രയ്ക്ക് അതിർത്തി പ്രദേശമായ കളിയിക്കാവിളയിൽ സർക്കാരിന്റെയും ദേവസ്വം അധികൃതരുടെയും നേതൃത്വത്തിൽ നൽകിയ സ്വീകരണം