കാസർകോട്: പോർമുഖങ്ങളിൽ കവിത രചിച്ച് വിപ്ലവ ആവേശം പകർന്ന സ്വാതന്ത്ര്യസമര പോരാളി ടി.എസ്. തിരുമുമ്പിന്റെ ഓർമ്മയ്ക്കായി സർക്കാർ കോടികൾ ചിലവഴിച്ച് സാംസ്‌കാരിക സമുച്ചയം പണിയുമ്പോഴും അദ്ദേഹത്തിന്റെ സ്മൃതികുടീരം ഇന്ന് അനാഥമായി തന്നെ കിടക്കുകയാണ്. മടിക്കൈ പഞ്ചായത്തിലെ അമ്പലത്തുകരയിൽ 3.77 ഏക്കർ ഭൂമിയിലാണ് 41.95 കോടി രൂപയിൽ സമുച്ചയം നിർമ്മിക്കുന്നത്. പാടുന്ന പടവാളെന്ന് ഇ.എം.എസ് വിശേഷിപ്പിച്ച തിരുമുമ്പ് 1984 നവംബർ 29 നാണ് മരിച്ചത്.
മടിക്കൈ ചാളക്കടവിലെ സ്വന്തം ഭൂമിയിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. അദ്ദേഹത്തിന്റെ ദീപ്ത സ്മരണ മടിക്കൈയിൽ വേണമെന്ന ആഗ്രഹത്തിന്റെ സാക്ഷാത്ക്കാരമായി 1986ൽ ഏക വായനശാല ചാളക്കടവിൽ സ്ഥാപിച്ചിരുന്നു. വരും തലമുറക്ക് തിരുമുമ്പിനെ കുറിച്ച് അറിയാൻ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ചാളക്കടവിലെ ശവകുടിരം ഇന്നുമുണ്ട്. ബന്ധുക്കൾ സ്ഥാപിച്ച ഈ ശവകുടീരം കഴിഞ്ഞ ദിവസം വരെ കാടുമൂടി കിടക്കുന്ന സങ്കടകാഴ്ച്ചയായിരുന്നു. ഗാന്ധിജയന്തിക്ക് തിരുമുമ്പ് സ്മാരക വായനാശാലാ പ്രവർത്തകർ പരിസരം വൃത്തിയാക്കിയതോടെയാണ് കുടീരത്തിൽ വെളിച്ചം വന്നത്. ഇപ്പോൾ ബന്ധുക്കൾ പോലും ഈ സ്മൃതി കുടീരം കൈവിട്ട സ്ഥിതിയാണ്. അദ്ദേഹം ജീവിച്ച തറവാട് പോലും തകർന്നടിഞ്ഞുപോയി. കുറെ കല്ലുകളും വീട്ടിലേക്കുള്ള വഴിമതിലുമാണ് കാണാനുള്ളത്. സർക്കാർ ഇതേ പഞ്ചായത്തിലാണ് അദ്ദേഹത്തിന്റെ പേരിൽ സാംസ്‌കാരിക സമുച്ചയം പണിതിരിക്കുന്നത്.
69,250 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിച്ച കെട്ടിടത്തിൽ 14750 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിവര വിതരണ കേന്ദ്രവും, സ്മാരക ഹാൾ, സുവനീർ വിൽപന ശാലകൾ, ഗ്രന്ഥ ശാല, ഭരണ നിർവഹണ കേന്ദ്രം എന്നിവ ഉൾപ്പെടുന്ന പ്രവേശന ബ്ലോക്ക്, 29,750 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രദർശന ശാല, ബ്ലാക്ക് ബുക്ക് തിയേറ്റർ, സെമിനാർ ഹാൾ തുടങ്ങിയവ പണിയുന്നുണ്ട്. ചാളക്കടവിലെ സ്മൃതി കുടീരം സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാർ പറയുന്നത്. സ്വാതന്ത്ര്യ സമര വേളയിൽ കോൺഗ്രസിലൂടെയാണ് ടി. സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ രാഷ്ട്രീയപ്രവേശം. സ്വാതന്ത്യലബ്ധിക്കു ശേഷം രാഷ്ട്രീയ രംഗങ്ങളിൽ നിന്നു പിന്മാറി കുടുംബകാര്യങ്ങളിലേക്കും ആധ്യാത്മികതയിലേക്കും ശ്രദ്ധതിരിച്ചു. ദേവീഭാഗവത വിവർത്തനത്തിന് കേരള സാഹിത്യ അക്കാദമിയുടെ പാരിതോഷികവും 'ഭക്ത കവിതിലകം' എന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്.
ബൈറ്റ്
സ്മൃതികുടീരം നില നിന്നിരുന്നതിന്റെ തൊട്ടുതാഴെയാണ് അദ്ദേഹത്തിന്റെ തറവാട് വീട്. ഇപ്പോൾ ആ വീട് നിലവിലില്ല. തിരുമുമ്പിന്റെ സ്മരണ നിലനിർത്തുന്നതിന് വായനശാല ഒഴിച്ചാൽ ഈ പ്രദേശത്ത് മറ്റു സ്ഥാപനങ്ങളൊന്നും ഇല്ല. സർക്കാർ നല്ലരീതിയിൽ സംരക്ഷിക്കണമെന്നാണ് നാട്ടുകാർ ആഗ്രഹിക്കുന്നത്.
രാമചന്ദ്രൻ
അദ്ധ്യാപകൻ,
ഗവ. യു.പി. സ്‌കൂൾ പൂത്തക്കാൽ