തിരുവനന്തപുരം: വീടുകളിൽ ജൈവ കാർഷിക-പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ 'അഗ്രി ന്യൂട്രി ഗാർഡൻ' പദ്ധതിക്ക് തുടക്കമായി. ഓരോ വീടിനും ആവശ്യമായ പച്ചക്കറികളും പഴവർഗങ്ങളും ലഭ്യമാക്കിക്കൊണ്ട് സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹസൃഷ്ടിയുമാണ് ലക്ഷ്യമിടുന്നത്. ഇതിനായി പത്തുലക്ഷം ഗുണഭോക്താക്കളെ കണ്ടെത്തും. അവരുടെ വീടുകളിൽ പ്രാദേശിക കാർഷിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്യും.
മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രചാരണ വീഡിയോ പ്രകാശനവും ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ പദ്ധതി വിശദീകരിച്ചു. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് കുമാർ, അഡ്വ. എസ്.കെ.പ്രീജ, ശാന്ത പ്രഭാകരൻ, കെ.എസ്. ഡീനാകുമാരി, എ.ആർ. സുധീർഖാൻ, എസ്. പ്രേമവല്ലി, വി. ആന്റോ, പി.എസ്. സാബു സജയൻ, വി.വി.ഷീബമോൾ. വി.എ. ഇന്ദുലേഖ, ബി.എസ്. മനോജ്, ശാന്തകുമാരി കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ.കെ.ആർ. ഷൈജു തുടങ്ങിയവർ സംസാരിച്ചു.
തക്കാളി, പാവൽ, ചീര, മത്തൻ, മല്ലി, പുതിന, വെണ്ട, വഴുതന, വെള്ളരി എന്നിവയിൽ ഏതെങ്കിലും അഞ്ചെണ്ണവും രണ്ടിനം ഫലവൃക്ഷങ്ങളുമാണ് അഗ്രി ന്യൂട്രി ഗാർഡനിൽ കൃഷി ചെയ്യുക. ഓരോ ഗുണഭോക്താക്കളും കുറഞ്ഞത് മൂന്നു സെന്റിൽ ജൈവരീതിയിൽ കൃഷി ചെയ്യണം. ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക.