നെടുമങ്ങാട്: നഗരസഭാ അതിർത്തിയിലെ നെട്ടിറച്ചിറ ജംഗ്‌ഷനിൽ വ്യാപക മോഷണം. കടകളുടെ മുന്നിലെ സി.സി.ടിവി കാമറകൾ നശിപ്പിച്ച മോഷ്ടാക്കൾ പൂട്ടുകൾ തല്ലിത്തകർത്ത് പണവും സാധനങ്ങളും അപഹരിച്ചു. സാംകുട്ടിയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മി ബേക്കറി, രാധാകൃഷ്ണന്റെ മുറുക്കാൻ കട, സമീപത്തെ മഹാദേവ ഫൈനാൻസ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. സമീപത്തെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കടത്തിക്കൊണ്ടു പോകാൻ നടത്തിയ ശ്രമം വിഫലമായി. കൊറ്റാമലയിൽ നിന്ന് മോഷ്ടിച്ച ബൈക്ക് ഒരു കിലോമീറ്റർ മാറി വെള്ളനാട് റോഡിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

നഗരസഭയും അരുവിക്കര ഗ്രാമപഞ്ചായത്തും അതിർത്തി പങ്കിടുന്ന നെട്ടിറച്ചിറ കവലയിൽ ഹൈമാസ്റ്റും സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും കേടായിട്ട് നാളേറെയായി. സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിന്റെ മറവിൽ വിഹരിക്കുന്ന മദ്യപസംഘങ്ങളെ ഭയന്ന് കഴിയുകയാണ് സ്ഥലവാസികൾ. നെടുമങ്ങാട്, അരുവിക്കര പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് പരാതി.