njattadi-nashipicha-nilay

കല്ലമ്പലം: ഒറ്റൂർ പഞ്ചായത്ത് മാമ്പഴക്കോണം ഏലായിലെ 10 ഏക്കർ പാടത്ത് കൃഷി ഇറക്കുന്നതിനായി പാകിയ ഞാറ്റടി നായ്ക്കളെയും പശുവിനെയും ഇറക്കി നശിപ്പിച്ചതായി പരാതി. ഇത് സംബന്ധിച്ച് ഒറ്റൂർ സഹകരണ സംഘം പൊലീസ് അധികാരികൾക്കും കൃഷി വകുപ്പ് അധികൃതർക്കും പരാതി നൽകി. കഴിഞ്ഞ 30ന് കന്നിക്കൃഷി ഒരുക്കുന്നതിനായി പാകിയ 150 കിലോ വിത്താണ് വ്യാപകമായി നശിപ്പിച്ചത്. ഇതിന് മുമ്പും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഏകദേശം 30000 രൂപയുടെ നഷ്ടമുണ്ടായെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വർഷങ്ങളായി തരിശുകിടന്ന നിലം സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റൂർ സഹകരണ സംഘം ഏറ്റെടുത്ത് കൃഷി ചെയ്തുവരികയാണ്. ഏതാനും വർഷങ്ങളായി നല്ല വിളവാണ് ലഭിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ 2 പ്രാവിശ്യം കൃഷി ചെയ്യുന്നതിനായി പാകിയ വിത്ത് പശുക്കളെയും നായ്ക്കളെയും ഇറക്കി നശിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും കുറ്റക്കാരെന്ന് തെളിഞ്ഞ ആളിൽനിന്ന് 5000 രൂപ നഷ്ടപരിഹാരം ഈടാക്കുകയും ചെയ്തതായി സഹകരണ സംഘം ഭാരവാഹികൾ അറിയിച്ചു. വീണ്ടും ഇത് ആവർത്തിച്ചതോടെ പ്രതിഷേധം ശക്തമാണ്. 18 ജോലിക്കാരുടെ മേൽനോട്ടത്തിലാണ് കഴിഞ്ഞ ദിവസം മുളപ്പിച്ച വിത്ത് പാകിയത്‌. പ്രാവുകൾ വിത്ത് കൊണ്ടുപോകാതിരിക്കാൻ ഇതിന് മുകളിൽ പേപ്പർ വിരിയ്ക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ചവിട്ടി മെതിച്ച് നാശമാക്കിയതോടെ ഈ രംഗത്ത് സജീവമായി നിന്ന കർഷകരെല്ലാം പിൻവാങ്ങാനുള്ള തീരുമാനത്തിലാണ്. ഇനി കൃഷിയിറക്കണമെങ്കിൽ വൻ തുക ചെലവാക്കി പുതിയ വിത്ത് പാകണം. കൃഷിവകുപ്പ് അധികൃതരും പൊലീസും സംഭവത്തിൽ ഇടപെട്ട് നടപടി എടുത്തില്ലെങ്കിൽ കൃഷി മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്നാണ് കർഷകസംഘം ഭാരവാഹികൾ പറയുന്നത്.