ബി.ജെ.പി ചർച്ചയിൽ സമവായമായില്ല
തിരുവനന്തപുരം: നികുതിയിനത്തിൽ കുടിശികയുള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാർഡ് അടിസ്ഥാനത്തിൽ ലിസ്റ്റ് തയ്യാറാക്കി ഒരുമാസത്തിനകം നഗരസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കുടിശിക എത്രയെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിലുണ്ടാകും.
സോണൽ ഓഫീസുകളിൽ പരാതി പരിഹരിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും ഇതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മേയർ അറിയിച്ചു.
പൊതുജനങ്ങളിൽ നിന്ന് വസ്തു നികുതി ഈടാക്കുന്നുണ്ടെങ്കിലും കമ്പ്യൂട്ടർ രേഖകളിൽ കുടിശിക രേഖപ്പെടുത്തിയിരിക്കുന്നത് സംബന്ധിച്ച പരാതികൾ വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നികുതി ഒടുക്കുന്നതിനായി ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ സാംഖ്യ സോഫ്റ്റ്‌വെയറിലെ പിഴവാണ് പരാതിക്ക് കാരണം. ഈ പോരായ്‌മ പരിഹരിക്കണമെന്ന് സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
നികുതിപ്പണം ഉദ്യോഗസ്ഥർ തട്ടിയെടുക്കുന്നതു തടയാനായി 11 സോണൽ ഓഫീസുകൾക്കും പ്രത്യേകം അക്കൗണ്ട് ആരംഭിക്കാനുള്ള സാദ്ധ്യതയും പരിശോധിക്കും. സോഫ്റ്റ്‌വെയർ ഉപയോഗത്തിലും സർവീസ് കാര്യങ്ങളിലും ഐ.എം.ജിയുടെയും കിലയുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്കു പരിശീലനം നൽകുമെന്നും മേയർ വ്യക്തമാക്കി.
കുടിശിക പ്രസിദ്ധീകരിച്ച ശേഷം പ്രശ്‌നമുണ്ടെങ്കിൽ പരിഹാരത്തിന് സോണൽ ഓഫീസുകളിൽ ബന്ധപ്പെടാം. 2020 മാർച്ചിൽ കൊവിഡ് പിടിമുറുക്കിയതിനെ തുടർന്ന് പരിശോധന മുടങ്ങിയപ്പോഴാണ് തട്ടിപ്പ് നടന്നത്. വീട്ടുകരം തട്ടിയെടുക്കുകയാണെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളിൽ വീഴരുത്, സാംഖ്യ സപ്പോർട്ട് സെൽ കോർപ്പറേഷനിൽ രൂപീകരിക്കുമെന്നും മേയർ അറിയിച്ചു.
ബി.ജെ.പി ചർച്ചയിൽ സമവായമായില്ല
നികുതി വെട്ടിപ്പിനെച്ചൊല്ലിയുള്ള ബി.ജെ.പി സമരം അവസാനിപ്പിക്കാൻ മേയർ ബി.ജെ.പി അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ സമവായമില്ല. ഇനി ചർച്ചയില്ലെന്ന് മേയറും രാപ്പകൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ബി.ജെ.പിയും അറിയിച്ചു. സമരത്തെ തുടർന്ന് അവശനിലയിലായ മുതിർന്ന കൗൺസിൽ അംഗം പി. അശോക് കുമാറിനെ സ്വകാര്യ ആശുപത്രിയിലാക്കി.
അംഗങ്ങളുടെ പ്രായം, രോഗാവസ്ഥ തുടങ്ങിയവ പരിഗണിച്ച് സമരം അവസാനിപ്പിക്കാനായി ചർച്ചയ്ക്ക് അങ്ങോട്ട് സമീപിക്കുകയായിരുന്നു. നികുതി തട്ടിപ്പ് കേസിലെ പ്രതികളെ പൊലീസ് അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ പ്രമേയം പാസാക്കണമെന്ന് ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു.
അറസ്റ്റ് ചെയ്യേണ്ടത് പൊലീസാണെന്നും അങ്ങനെയൊരു നിലപാടെടുക്കില്ലെന്ന് മേയറും വ്യക്തമാക്കി. നികുതി കുടശികയുള്ളവരുടെ പട്ടിക ഒരാഴ്ചക്കുള്ളിൽ പ്രസിദ്ധീകരിക്കണമെന്നും സാംഖ്യ സോഫ്റ്റ്‌വെയറിലെ അപാകത ഉടൻ പരിഹരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. എം.ആർ. ഗോപൻ, വി.ജി. ഗിരികുമാർ, തിരുമല അനിൽ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. അതിനുശേഷം വിളിച്ച സർവകക്ഷിയോഗത്തിൽ നിന്ന് ബി.ജെ.പി വിട്ടുനിന്നു.
കുറ്റക്കാരായ ഉദ്യോഗസ്ഥരെ
അറസ്റ്റ് ചെയ്യണം യു.ഡി.എഫ്
കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് സർവകക്ഷി യോഗത്തിൽ യു.ഡി.എഫ് ആവശ്യപ്പെട്ടു. നികുതി കുടിശികയുള്ളവരുടെ വാർഡ് തലത്തിലുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും ജനപ്രതിനിധികൾക്ക് അതിന്റെ പകർപ്പ് നൽകണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
നിയമ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന കാര്യം പൊലീസാണ് തീരുമാനിക്കേണ്ടതെന്ന മേയറുടെ മറുപടി തൃപ്തികരമല്ല, തങ്ങളുടെ ആവശ്യങ്ങൾക്ക് തൃപ്തികരമായ പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്ന് യു.ഡി.എഫ് ലീഡർ പി. പദ്മകുമാർ പറഞ്ഞു.