പൂവാർ: തിരുപുറം ഗ്രാമപഞ്ചായത്തിൽ ഒരാൾക്ക് സിക വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധം ശക്തമാക്കി. തിരുപുറം സ്വദേശിയായ 65 കാരനാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുത്രിയിൽ ചികിത്സയിലാണ്. നാളുകളായി ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവയ്ക്ക് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യം മോശമായതോടെ കഴിഞ്ഞ മാസം 29ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ രക്ത പരിശോധനയിലാണ് ഈ മാസം ഒന്നിന് സിക സ്ഥിരീകരിച്ചത്.

ഇതോടെയാണ് പൂവാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഹെൽത്ത് സൂപ്പർവൈസർ, പരണിയം പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയത്. പ്രദേശത്ത് സ്‌പ്രേയിംഗ്‌, ഉറവിട നശീകരണം, ഫീവർ സർവേ, ബോധവത്കരണം എന്നിവ നടത്തി. കൂടാതെ കൊതുക് വലകളും വിതരണം ചെയ്തു. അതേസമയം ജില്ലയിൽ ഒറ്റപ്പെട്ട സിക കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഇതിൽ ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.