തിരുവനന്തപുരം: കൊവിഡ് ജാഗ്രതാ പോർട്ടലിന്റെ അവലോകന യോഗമെന്ന പേരിൽ വനിതാ ഡ‌ോക്ടർമാരെ ഉൾപ്പെടെ കളക്ടറേറ്റിൽ വിളിച്ചുവരുത്തി മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കാതെ കൊവിഡ് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ നിർദേശിച്ചതായി പരാതി. ജില്ലാ വികസന കമ്മിഷണർ വിനയ് ഗോയലിനെതിരെയാണ് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) പരാതിയുമായി രംഗത്തെത്തിയത്. ജില്ലയിലെ വിവിധ ആശുപത്രികളിൽ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിന്റെ ചുമതലയുള്ള ഡെപ്യൂട്ടി സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ള എട്ടു ഡോക്ടർമാരാണ് ഇതിന് ഇരയായതെന്നും സംഭവത്തിൽ ഡി.എം.ഒക്ക് പരാതി നൽകിയതായും കെ.ജി.എം.ഒ.എ ഭാരവാഹികൾ അറിയിച്ചു.

ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. ഞായറാഴ്ചകളിൽ ഓൺലൈനായി ചേരുന്ന അവലോകന യോഗത്തിൽ ഈ ആഴ്ച ഡോക്ടർമാർ പങ്കെടുത്തില്ല. അവധി ദിവസം യോഗം ഒഴിവാക്കണമെന്ന് ജില്ലാ വികസന കമ്മിഷണറോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാതെ വന്നതോടെയായിരുന്നു ബഹിഷ്കകരണം. ഇതിൽ ക്ഷുഭിതനായ കമ്മിഷണർ യോഗത്തിൽ പങ്കെടുക്കേണ്ട ഡോക്ടർമാരും മറ്റു ജീവനക്കാരും ഇന്നലെ രാവിലെ കളക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യണമെന്നും ഇല്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കേസെടുത്ത് സർവീസ് ബുക്കിൽ രേഖപ്പെടുത്തുമെന്നും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ഭീഷണിപ്പെടുത്തിയതായും ഡോക്ടർമാർ ആരോപിക്കുന്നു.

ഇതോടെ രാവിലെ 10.30ന് ഡോക്ടർമാരും ഫീൽഡുതല ഉദ്യോഗസ്ഥരും ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരും യോഗത്തിലെത്തി. ബന്ധപ്പെട്ട പ്രദേശത്ത് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായ ഓരോരുത്തരുടെയും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള പത്തുപേരുടെ ലിസ്റ്റ് തയ്യാറാക്കണമെന്നും അല്ലാതെ മുറിയിൽ നിന്ന് പുറത്തുപോകരുതെന്നും കമ്മിഷണർ നിർദ്ദേശിച്ചതായി കെ.ജി.എം.ഒ.എ നേതാക്കൾ പറഞ്ഞു. യോഗത്തിലെത്തിയവർ സംഘടനാ നേതാക്കൾ ഉൾപ്പെടെയുള്ളവരെ വിവരം അറിയിച്ചതോടെ സംഭവം ചർച്ചയായി പിന്നാലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഡോക്ടർമാരെ പോകാൻ അനുവദിച്ചതെന്നും പരാതിയിലുണ്ട്. ഇന്ന് കളക്ടർക്കും പരാതി നൽകുമെന്നും വിനയ്‌ഗോയലിനെ കൊവിഡ് ജാഗ്രതയുടെ ചുമതലയിൽ നിന്നും മാറ്റുന്നതുവരെ അവലോകനയോഗങ്ങൾ ബഹിഷ്‌കരിക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.

ഡോക്ടർമാരെ

ബുദ്ധിമുട്ടിച്ചിട്ടില്ല

"ഞാനും ഒരു ഡോക്ടറാണ് അതിന് ശേഷമാണ് ഐ.എ.എസിലേക്ക് എത്തുന്നത്. ഡോക്ടർമാരുടെ ബുദ്ധിമുട്ടുകൾ നന്നായി അറിയാം"- വിനയ്ഗോയൽ പറഞ്ഞു. ഡോക്ടർമാരെ ബുദ്ധിമുട്ടിക്കാനല്ല. കൊവിഡ് പ്രതിരോധത്തിൽ നിർണായകമായ വിവരശേഖരണം കാര്യക്ഷമമാക്കാൻ വേണ്ടിയാണ് യോഗം ചേർന്നത്. ഞായറാഴ്ച ഓൺലൈൻ യോഗം വിളിച്ചപ്പോൾ ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുടർന്നാണ് നേരിട്ട് യോഗം ചേർന്നത്. 10.30ന് തുടങ്ങിയ യോഗം 11.30ന് അവസാനിച്ചു. തുടർന്ന് മിനി കോൺഫറൻസ് ഹാളിലാണ് സമ്പർക്കപ്പട്ടിക തയ്യറാക്കാൻ സംവിധാനമൊരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.