കോവളം: വെണ്ണിയൂരിൽ വൃദ്ധയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇവരുടെ പക്കലുണ്ടായിരുന്ന പണവും സ്വർണാഭരണങ്ങളും കാണാതായി എന്ന ബന്ധുക്കളുടെ മൊഴിയും വീടിനുള്ളിൽ രക്തത്തുള്ളികൾ കണ്ടെത്തിയതുമാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഫയർഫോഴ്സിന്റെ സഹായത്തോടെ വൃദ്ധയെ കണ്ടെത്തിയ കിണറിലെ വെള്ളം വറ്റിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വെങ്ങാനൂർ വെണ്ണിയൂർ നെടിഞ്ഞൽ ചരുവിളവീട്ടിൽ ശാന്തയെ (63) ആണ് കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടുമുറ്റത്തെ 80 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകൾ ബിന്ദു, ഭർത്താവ് സജു, ചെറുമകൻ എന്നിവരാണ് ശാന്തയോടൊപ്പം വീട്ടിൽ താമസിച്ചിരുന്നത്. എന്നാൽ സംഭവദിവസം രാവിലെ ഇവരാരും സ്ഥലത്തില്ലായിരുന്നു. ഉച്ചയോടെ മകൾ മടങ്ങിയെത്തിയപ്പോഴാണ് മാതാവ് വീട്ടിലില്ലെന്ന കാര്യം അറിഞ്ഞത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ ശാന്തയുടെ മൃതദേഹം കണ്ടത്.
വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തോളം രൂപയും 8 പവൻ സ്വർണവും കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിന് മൊഴിനൽകി.
ശാന്ത സ്വർണവും പണവുമായി കിണറ്റിലേക്ക് ചാടിയതാണോയെന്ന സംശയത്തെ തുടർന്നായിരുന്നു 30 അടിയോളം വരുന്ന വെള്ളം വറ്റിച്ച് പരിശോധന നടത്തിയത്.
എന്നാൽ തലയിൽ കണ്ട മുറിവും വീടിന്റെ മുറിയിലും വരാന്തയിലും കണ്ട രക്തക്കറയും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. വിരലളയാള വിദഗ്ദ്ധരും ഫോറൻസിക് വിഭാഗവുമെത്തി തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമെന്ന് സ്ഥിരീകരിച്ചതായാണ് പൊലീസ് പറയുന്നത്. ഫോർട്ട് അസി.കമ്മീഷണർ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.