പാറശാല: വാഹനാപകടത്തിൽ മദ്ധ്യവയസ്കൻ മരിച്ചു. പൊഴിയൂർ വാളാങ്കുളം സെഹിയോനിൽ കനകരാജിന്റെ മകൻ ആന്റണിയാണ് (54) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ ആറ്റുപുറത്തുള്ള ഒരു വീട്ടിൽ പോയി മടങ്ങവെ ആറ്റുപുറം ചെക്ക് പോസ്റ്റിനടുത്ത് വച്ചായിരുന്നു അപകടം.
ആറ്റുപുറം പാലത്തിലെ ഫുട്പാത്തിലൂടെ നടന്നു വരവേ ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ലോറി ഡ്രൈവറും തൊഴിലാളിയും ചേർന്ന് നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാർഡ് മെമ്പർ ലൈല അപകടവിവരങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ചതിനെ തുടർന്ന് ഇന്നലെ ബന്ധുക്കൾ പൊഴിയൂർ പൊലീസ് സ്റ്റേഷനിലും പിന്നീട് നെയ്യാറ്റിൻകര ആശുപത്രിയിലും എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ. ഭാര്യ: മേരി കുഞ്ഞ്. മക്കൾ: ഫെലിക്സ്, ഫെമിൻ. ഡ്രൈവറും ലോറിയും പൊഴിയൂർ പൊലീസ് കസ്റ്റഡിയിലാണ്.