തിരുവനന്തപുരം: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തിരുത്തി പോസിറ്റീവ് എന്നാക്കി നഴ്സിംഗ് പരീക്ഷ എഴുതിയ ആളെ പിടികൂടി.

കിഴുവിലം തിട്ടയമുക്ക് പിണർവിളാകം വീട്ടിൽ പ്രജിനെയാണ് (25) കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജനറൽ ആശുപത്രി റോഡിലുള്ള ഗവൺമെന്റ് സ്‌കൂൾ ഒഫ് നഴ്സിംഗിലെ വിദ്യാർത്ഥിയായ പ്രതി തനിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തിരുത്തി പോസിറ്റീവ് എന്നാക്കി വ്യാജരേഖ ചമച്ച് സർക്കാരിൽ നിന്ന് ലഭിച്ച പി.പി.ഇ കിറ്റും ധരിച്ച് കഴിഞ്ഞ മാസം നടന്ന ഒന്നാം വർഷ റെഗുലർ പരീക്ഷ എഴുതുകയായിരുന്നു.

കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കന്റോൺമെന്റ് എസ്.എച്ച്.ഒ ഷാഫി. ബി.എം, എസ്.ഐമാരായ സഞ്ചു ജോസഫ്, ദിൽജിത്ത്, സി.പി.ഒമാരായ വിനോദ്, പ്രവീൺ, ഷൈജു, നസീറ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.