കളമശേരി: ശില്പിയും ചിത്രകാരനുമായ മഞ്ഞുമ്മലിലെ സീയെം പ്രസാദ് പ്ലാസ്റ്റിക്കിൽ തീർത്ത പൂമരം കൗതുകക്കാഴ്ചയാവുകയാണ്. ഏലൂർ ഫാക്ട് ജംഗ്ഷനിൽ 12 അടി ഉയരത്തിൽ മുന്നൂറിൽപ്പരം ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും ഫ്ളക്സും കമ്പികളും ഉപയോഗിച്ച് തടിയും ശിഖരങ്ങളും നിർമ്മിച്ചാണ് പൂമരം തീർത്തത്. രണ്ടു ദിവസത്തെ അദ്ധ്വാനം. ക്ലീൻ ഏലൂർ പദ്ധതിയുടെ ഭാഗമായി നഗരസഭാ അധികൃതരുടെയും ഹരിതകർമ്മസേനയുടെയും സഹകരണം ലഭിച്ചു. പ്ലാസ്റ്റിക് മാലിന്യത്തെ സംബന്ധിച്ചും പുനരുപയോഗത്തെക്കുറിച്ചുമുള്ള ബോധവത്കരണത്തിന്റെ ഭാഗമാണ് ഇൻസ്റ്റലേഷനെന്ന് പ്രസാദ് പറഞ്ഞു. പരിസ്ഥിതിക്ക് ദോഷംചെയ്യുന്ന മാലിന്യഭീഷണിക്കെതിരെ ഒരു വ്യാഴവട്ടമായി കലയിലൂടെ തന്റെ സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ കലാകാരൻ. കുട്ടികളെ ബോട്ടിൽ ആർട്ടും പഠിപ്പിക്കുന്നുണ്ട്. കൊച്ചി ദർബാർ ആർട്ട് ഗാലറിയിലും പ്രസാദിന്റെ ചിത്രപ്രദർശനമുണ്ടായിരുന്നു.