ശരീരത്തിന് പുറത്ത് വലിയ മുറിവുകളില്ലാതെ മൂത്രവ്യവസ്ഥയിലെ വിവിധങ്ങളായ അസുഖങ്ങൾ ചികിത്സിക്കുന്ന ഒരു രീതിയാണ് എൻഡോസ്കോപിക് സർജറി.
മൂത്രനാളത്തിൽകൂടി ചെയ്യുന്ന എൻഡോസ്കോപി സർജറി മൂത്രനാളിയിലെ സ്ട്രിക്ചർ, പ്രോസ്റ്റേറ്റ് വീക്കം, മൂത്രാശയ കാൻസർ, മൂത്രവ്യവസ്ഥയിലെ കല്ലുകൾ മുതലായ ചികിത്സയിൽ ഫലപ്രദമാണ്.
മൂത്രവ്യവസ്ഥയിലെ എൻഡോസ്കോപി ചെയ്യുന്നതിന് മുമ്പ് വൃക്കയുടെ പ്രവർത്തനം സാധാരണനിലയിലാണോയെന്ന് നോക്കേണ്ടതുണ്ട്. മൂത്രരോഗാണുബാധയുണ്ടെങ്കിൽ ഉചിതമായ ആന്റിബാക്ടീരിയൽ മരുന്നുകൾ കൊണ്ട് ചികിത്സിക്കണം.
രക്തം കട്ടപിടിക്കാതിരിക്കാൻ കൊടുക്കുന്ന ആസ്പിരിൻ, ആന്റികൊയാഗുലന്റുകൾ മുതലായവ നിറുത്തണം.
മൂത്രനാളിയിലെ അടവ് അഥവാ യുറിത്രൽ സ്ട്രിക്ചർ ജന്മനാ ഉള്ളത്, ക്ഷതം മൂലം ഉണ്ടായത്, ഗോണോകോക്കൽ ബാക്ടീരിയൽ അണുരോഗാണുബാധ കാരണം ഉണ്ടായത് ഇവയൊക്കെയാണ് കാരണങ്ങൾ. എൻഡോസ്കോപി വഴി ഇത്തരം അടവുകൾ ചികിത്സിക്കാൻ സാധിക്കും. നാഡീവ്യൂഹത്തിന്റെ തകരാറുകൾ കാരണം മൂത്രനിയന്ത്രണ മാംസപേശിക്കുണ്ടാകുന്ന തകരാറ് എൻഡോസ്കോപി വഴി മുറിക്കാനും അതുവഴി തടസം മാറ്റാനും സാധിക്കും. പ്രോസ്റ്റേറ്റ് വീക്കം, പ്രോസ്റ്റേറ്റ് കാൻസർ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ പഴുപ്പ് മുതലായ പ്രോസ്റ്റേറ്റിന്റെ അസുഖങ്ങൾ കാരണമുള്ള മൂത്രതടസം എൻഡോസ്കോപി വഴി മാറ്റാൻ സാധിക്കും. മൂത്രം ഒട്ടും പോകാതെ കെട്ടിനിൽക്കുക, ഇടവിട്ടുള്ള മൂത്രരോഗാണുബാധ, വലിയതോതിൽ മൂത്രത്തിൽ കൂടി രക്തം പോവുക, വൃക്കപരാജയം, മൂത്രസഞ്ചിയിൽ കല്ല് മുതലായ സാഹചര്യങ്ങളിൽ എൻഡോസ്കോപി വഴി പ്രോസ്റ്റേറ്റ് വീക്കം നീക്കം ചെയ്യണം.
ടി.യു.ആ.പിയാണ് ഗോൾഡ് സ്റ്റാൻഡേർഡ് എൻഡോസ്കോപിക് സർജറിയായി കണക്കാക്കപ്പെടുന്നത്. ടി.യു.ഐ.പി, ബൈപോളാർ ടി.യു.ആ.പി, എൻഡോസ്കോപ് വഴി ഹോൾമിയം ലേസർ, തൂളിയം ലേസർ മുതലായവ ഉപയോഗിച്ച് ചെയ്യുന്ന സർജറികളും മൂത്രതടസം നീക്കാൻ വളരെ ഫലപ്രാപ്തി തരും.
ആരംഭദിശയിലുള്ള പ്രോസ്റ്റേറ്റ് കാൻസർ താക്കോൽദ്വാര ശസ്ത്രക്രിയ വഴിയും റൊബോട്ടിക്സ് വഴിയും മാറ്റി പൂർണ വിമുക്തി തരാൻ സാധിക്കും. മൂത്രസഞ്ചിയിലെ കല്ലുകൾ സിസ്റ്റോസ്കോപ് വഴി പൊടിച്ചുമാറ്റാൻ കഴിയും.
വൃക്കയിലെ വളരെ വലിപ്പമേറിയ കല്ലുകൾ താക്കോൽദ്വാര ശസ്ത്രക്രിയയായ പി.സി.എൻ.എൽ വഴി പൂർണമായി നീക്കം ചെയ്യാം. വൃക്കയിലെയും മൂത്രനാളിയിലെയും കല്ലുകൾ യുറിറ്ററോസ്കോപ് ലേസർ മുതലായവയുടെ സഹായത്തോടെ പൂർണമായി നീക്കം ചെയ്യാവുന്നതാണ്.
വൃക്കയിലെ കാൻസറുകൾ താക്കോൽദ്വാര ശസ്ത്രക്രിയ വഴി നീക്കം ചെയ്യാം. മൂത്രസഞ്ചിയിലെ ആരംഭദിശയിലെ കാൻസർ എൻഡോസ്കോപ് വഴി നീക്കം ചെയ്യാം.
അടിവയറ്റിലെ അവയവങ്ങൾ താഴേക്ക് തള്ളിവരുന്ന പെൽവിക് ഓർഗൻ പ്രോലാപ്സ് താക്കോൽ ദ്വാര ശസ്ത്രക്രിയയായ സാക്റൽ കോൾ പോപെക്സി വഴി ചികിത്സിച്ച് ഭേദപ്പെടുത്താം.