കിളിമാനൂർ: വാഹനാപകടത്തെ തുടന്ന് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിക്ക് സഹായഹസ്തവുമായി ഡി.വൈ.എഫ്.ഐ. കഴിഞ്ഞ ഉത്രാടദിനത്തിൽ കടയ്ക്കൽ ബസ് സ്റ്രാൻഡിൽ നടന്ന അപകടത്തിൽ കാലിലൂടെ കെ.എസ്.ആർ.ടി.സി ബസ് കയറിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന തൊളിക്കുഴി മൂസാംകോണത്തുവീട് വീട്ടിൽ ആലിയയ്ക്കാണ് (19) സംഘടന തണലായത്. അപകടത്തെ തുടർന്ന് പരസഹായമില്ലാതെ എഴുന്നേൽക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് ആലിയ.
സ്വന്തമായി ഒരു വീട് പോലുമില്ലാത്ത നിർദ്ധന കുടുംബം തൊളിക്കുഴിയിൽ വാടക വീട്ടിലാണ് താമസിക്കുന്നത്. പെൺകുട്ടിയുടെ ചികിത്സയ്ക്കായി ഇതിനോടകം നല്ലൊരുതുക ചെലവായി. കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കിയ
ഡി.വൈ.എഫ്.ഐ അടയമൺ മേഖലാക്കമ്മിറ്റി ആലിയയുടെ ചികിത്സയ്ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം സമാഹരിക്കുകയായിരുന്നു.
ഇങ്ങനെ സമാഹരിച്ച നാല്പത്തിരണ്ടായിരം രൂപ ഡി.വെ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ് ആശുപത്രിയിലെത്തി ആലിയയ്ക്ക് കൈമാറി.
ജില്ലാ സെക്രട്ടേറിയറ്റംഗം ജെ. ജിനേഷ് കിളിമാനൂർ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ദീപക് ഡി. ദാസ്, മേഖലാ പ്രസിഡന്റ് വി.എസ്. അഖിൽ, ട്രഷറർ ഫെൽസക് ഷാ, ജോയിന്റ് സെക്രട്ടറി അനുരാജ് അമ്പാടി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.