കിളിമാനൂർ: ഇരുപതുവർഷമായി അസ്ഥിരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നിർദ്ധന വീട്ടമ്മയ്ക്ക് സഹായവുമായി നഗരൂർ ജനമൈത്രി പൊലീസ്. കൊടുവഴന്നൂർ ഉത്രാടം വീട്ടിൽ ലേഖയ്ക്കാണ് പൊലീസ് ഉദ്യോഗസ്ഥർ ഇലക്ട്രിക് വീൽചെയർ വാങ്ങിനൽകിയത്. ഹൃദ്രോഗം ബാധിച്ച ഭർത്താവും ഓട്ടിസം ബാധിച്ച മകനും വിദ്യാർത്ഥിനിയായ മകളും അടങ്ങുന്നതാണ് ലേഖയുടെ കുടുംബം.
ഇവരുടെ നിസഹായാവസ്ഥ അറിഞ്ഞ് വീട്ടിലെത്തിയ ജനമൈത്രീ പൊലീസ് പരസഹായമില്ലാതെ ലേഖയ്ക്ക് സഞ്ചരിക്കുന്നതിനുള്ള സഹായമൊരുക്കാൻ തീരുമാനിക്കുകയായിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ ഇടപെടലിനെ തുടർന്ന് പൊലീസ് അസോസിയേഷനും നഗരൂർ ജനമൈത്രി പൊലീസും ചേർന്നാണ് ഇലട്രിക് വീൽചെയർ വാങ്ങിനൽകിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബു ലേഖയ്ക്ക് വീൽചെയർ കൈമാറി. നഗരൂർ എസ്.എച്ച്.ഒ ഷിജു, കേരളാ പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസറുമായ കൃഷ്ണലാൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.