ഫറോക്ക്: കരുവൻ തിരുത്തി റോഡിലെ റെയിൽവേ അണ്ടർപാസിൽ ഫൂട്ട്പാത്തും വെളിച്ചവും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഫറോക്ക് കരുവൻ തിരുത്തി റോഡിൽ ബാങ്ക് മാളിന് സമീപമുള്ള മീൻമാർക്കറ്റ് മുതൽ കോമൺവെൽത്ത് ഓട്ടുകമ്പനി വരെയുള്ള റോഡിൽ കാൽനടയാത്രയ്ക്ക് സൗകര്യമൊരുക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. സുരക്ഷിതത്വമില്ലാത്തതിനാൽ ഇപ്പോൾ ഇവിടെ കാൽനടയാത്ര സാധിക്കാത്ത സ്ഥിതിയാണ്. അണ്ടർപാസിന്റെ ഇരുവശവും വളവായതിനാൽ മുന്നിൽ നിന്നും പിന്നിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാനാകില്ല.
അതിനാൽ കാൽനട യാത്രയ്ക്ക് ഫുട്പാത്ത് കൂടിയേ തീരൂ. ഇവിടെ സ്ട്രീറ്റ് ലൈറ്റുമില്ല. ഫറോക്കിൽ നിന്ന് റൂബിറോഡ്, ചായിച്ചൻവളവ്, കോമൺവെൽത്ത് കമ്പനി എന്നിവിടങ്ങളിലേക്ക് കാൽനടയായി പോകുന്നവർ റെയിൽവേ ലൈൻ മറികടന്ന് ചുറ്റി വളഞ്ഞാണ് ഇപ്പോൾ പോകുന്നത്. ട്രെയിൻ വരുന്നത് ശ്രദ്ധയിൽ പെട്ടില്ലെങ്കിൽ അപകടത്തിൽ പെടും. രാത്രിയായാൽ അടിപ്പാതയിൽ മാലിന്യങ്ങൾ തള്ളലും പതിവാണ്. കുറച്ചു നാൾ മുമ്പ് റെയിൽവേ അണ്ടർപാസിൽ അജ്ഞാതനായ ഒരാളെ മരിച്ച നിലയിൽ കണ്ടിരുന്നു. വൈദ്യുതി വെളിച്ചമില്ലാത്തതാണ് ഇതിനെല്ലാം കാരണം. ഒരു മഴ പെയ്താൽ അടിപ്പാത ഇപ്പോൾ ചെളിക്കുളമാകും. ഇരുവശത്ത് നിന്നും ഒഴുകി വരുന്ന മണ്ണും ചെളിയും പാലത്തിനടിയിലെ പാതയിൽ കെട്ടി നിൽക്കുന്നതാണ് കാരണം. വലിയ വാഹനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇരു ചക്രവാഹനക്കാർ ചെളിയിൽ കുളിക്കും. ഇതിനുമൊരു പരിഹാരം വേണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.