കൊച്ചി: കണ്ണില്ലെങ്കിലും തങ്ങളുടെ കൺമണിയായി വളർത്തുകയാണ് സ്വീറ്റി എന്ന നായയെ വെണ്ണല ശോഭ റോഡിൽ തണ്ണിക്കുളത്ത് ജയനും ഭാര്യ ലളിതയും. രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത മിനിയേച്ചർ പിൻഷർ ഇനത്തിൽപ്പെട്ട ഈ കുഞ്ഞൻനായയെ മറ്റൊന്നിനും പകരമായി നൽകാൻ ഇവർ തയ്യാറല്ല.
ജയൻ സ്വന്തമാക്കിയ കേരളത്തിലെ ആദ്യ മിനിയേച്ചർ പിൻഷർ ഇനത്തിലെ നായയുടെ കുഞ്ഞാണ് സ്വീറ്റി. പത്തുവയസുകാരിക്ക് സ്വീറ്റിക്ക് കാഴ്ച നഷ്ടപ്പെട്ടിട്ട് അഞ്ചു വർഷമാകുന്നു. പൂച്ചയുടെ വലിപ്പമേ സ്വീറ്റിക്കുള്ളൂ. ഒരു രാത്രി പതിവ് റോന്തുചുറ്റിനായി ഇറങ്ങിയ സ്വീറ്റി സമീപത്തെ കാനയിൽ വീണതാണ് വിനയായത്. കണ്ണിൽ ചെളിയും മണ്ണുമായി വന്നുകയറിയെ സ്വീറ്റിയെ വൃത്തിയാക്കി എടുത്തെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അസ്വസ്ഥത കാട്ടിത്തുടങ്ങി. വിവിധ ഡോക്ടർമാരെ കാണിച്ചെങ്കിലും കാഴ്ച തിരികെ കിട്ടാത്ത അവസ്ഥയായി. നിലവിൽ മൂക്കും ചെവിയും ആണ് കാഴ്ചയ്ക്ക് പകരക്കാർ. മണവും ശബ്ദവും കൊണ്ട് ആളുകളെ തിരിച്ചറിയും. വീടും പറമ്പും അതിരുമെല്ലാം കാണാപ്പാഠമാണ് സ്വീറ്റിക്ക്. ഇടയ്ക്ക് അയൽവീട്ടിലേക്കും വിരുന്നുപോകും. അവർക്കും പ്രിയങ്കരിയാണിവൾ. കാഴ്ച നഷ്ടപ്പെട്ടതിന് ശേഷം വീട്ടിലെ വി.ഐ.പിയാണ് സ്വീറ്റി. വൃത്തിയുടെ കാര്യത്തിലും ഒരുപടി മുന്നിലാണിവൾ. വിസർജ്ജനമെല്ലാം വീടിന് പുറത്ത്. കൂട്ടിലാണെങ്കിലും പുറത്താണെങ്കിലും കിടക്കണമെങ്കിൽ ടവൽ നിർബന്ധം. ഭക്ഷണം ആരെങ്കിലും ഇട്ടു കൊടുത്താൽ പോലും തുണിയുടെ മുകളിൽ വച്ചേ ഭക്ഷിക്കൂ. ഗോതമ്പ് പുട്ടാണ് ഇഷ്ടവിഭവം. കൊച്ചി നഗരത്തിൽ തന്നെ കൃഷിയുമായി ജീവിച്ചയാളാണ് ജയൻ. പച്ചക്കറി കൃഷിയും പശുവളർത്തലും പന്നിഫാമുമൊക്കെ നടത്തിയിരുന്നു. ഇപ്പോൾ വീടുനിർമ്മിച്ചു വിൽക്കുന്ന ബിസിനസാണ്. ഭാര്യ ലളിത വീടിനോട് ചേർന്ന് തന്നെ ബ്യൂട്ടി പാർലറും നടത്തുന്നുണ്ട്.