തിരുവനന്തപുരം: മേനംകുളത്ത് യുവാവിനെ ക്രൂരമായി മർദ്ദിച്ച മൂന്നംഗ സംഘത്തിലെ ഒരാളെ പിടികൂടി. വലിയവേളി തൈവിളാകം വീട്ടിൽ ഷാനിനെയാണ് (25) കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ മാസം 19ന് രാത്രി 11.30നായിരുന്നു സംഭവം.
മേനംകുളത്തെ കൂട്ടുകാരന്റെ വീട് പാലുകാച്ചിന് പങ്കെടുക്കാനെത്തിയ വലിയതോപ്പ് സ്വദേശി കെവിനെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അടിയേറ്റ് യുവാവിന്റെ കണ്ണിനു താഴെയുള്ള എല്ലിന് പൊട്ടലേറ്റു. റോഡിൽ ബഹളംവച്ചത് പറഞ്ഞു വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണം. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലായിരുന്നു. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐമാരായ ജിനു, മിഥുൻ, സി.പി.ഒമാരായ സജാദ്ഖാൻ, ശ്യാം, ബിനു, സുജിത്, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് ഷാനിനെ അറസ്റ്റുചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.